ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

post

മലിനീകരണ നിയന്ത്രണ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പള്ളിക്കര ഗ്രാമ പഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. ഗ്രാമപഞ്ചായത്ത് പരിധിയിലെ പെരിയാട്ടടുക്കം എന്ന സ്ഥലത്തെ 15 ഓളം ഷോപ്പുകളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്. മിക്ക കടകളിലും കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കണ്ടെത്തി. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്ലാസ്റ്റിക് പാക്കറ്റുകൾ, കവറുകള്‍, കപ്പുകള്‍, കണ്ടൈനറുകള്‍ എന്നിവ ഷോപ്പുകളില്‍ കൈകാര്യം ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.

നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍/മാലിന്യങ്ങള്‍ കത്തിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടി പരിശോധന റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും. പൊതുജല മലിനീകരണം ഉള്‍പ്പെടെയുള്ളവ തടയുമെന്നും പിഴ ഈടാക്കുമെന്നും മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു.