വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് നിർമാണം പുരോഗമിക്കുന്നു

post

കടലിലെ ഉപ്പുവെള്ളം കനോലി കനാലിലേക്ക് കയറുന്നത് തടയാനും മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കാനുമുള്ള വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ മാറഞ്ചേരി ഭാഗത്തേക്കുള്ള ലോക്ക് വാളിന്റെ നിർമാണ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. വെളിയങ്കോട് ഭാഗത്തേക്കുള്ള ലോക്ക് വാളിന്റെയും ഇരുവശത്തുമുള്ള പാലത്തിന്റെ തൂണുകളുടെയും പണികൾ പൂർത്തിയായി.

നാലര മീറ്റർ വീതീയിൽ ഒറ്റവരി പാലമാണ് നിർമിക്കുന്നത്. 25 മീറ്ററാണ് നീളം. വെളിയങ്കോട് -മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കനോലി കനാലിനു കുറുകെ വെളിയങ്കോട് പൂകൈത കടവിനോടു ചേർന്നാണ് ലോക്ക് കം ബ്രിഡ്ജിന്റെ നിർമാണം. വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം, ജലസേചനം എന്നിവക്ക് പുറമെ ഗുരുവായൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകളിലേക്കും, ഗുരുവായൂർ ചാവക്കാട് നഗരസഭകളിലേക്കും കുടിവെള്ളത്തിനും ജലസേചനത്തിനും ഗുണകരമാവുന്നതാണ് പദ്ധതി.

ലോക്ക് കം ബ്രിഡ്ജും അപ്രോച്ച് റോഡും ഉൾപ്പടെ രണ്ട് ഘട്ടങ്ങളിലായി 43.97 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നബാർഡ് വിഹിതവും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് ബ്രിഡ്ജും ലോക്കും ഇലക്ട്രിക്കൽ വർക്കുമായി 29.87 കോടിയുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുക. കാസർകോഡ് എം.എസ് ബിൽഡേഴ്സിനാണ് നിർമാണച്ചുമതല.