കൊണ്ടോട്ടി മണ്ഡലത്തിലെ 19 കിഫ്ബി പ്രവൃത്തികളുടെ അവലോകനം നടത്തി

post

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ അവലോകനം ടി.വി ഇബ്രാഹീം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. 12 പ്രൊജക്ടുകളിലായി 19 പ്രവൃത്തികളിൽ 298.19 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിരുന്നത്. ഇതിൽ നാല് പ്രൊജക്ടിൽ 36.32 കോടി രൂപയുടെ ആറ് പ്രവൃത്തികൾ പൂർണ്ണമായും ഇതിനകം പൂർത്തീകരിച്ചു. നിർമാണം പൂർത്തീകരിച്ച കൊണ്ടോട്ടി ഗവ.കോളജിന്റെ പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് കൂടി സ്ഥാപ്പിക്കുന്നതിന് അനുമതി നൽകി. കൊണ്ടോട്ടി നഗരസഭയിൽ കുടിവെള്ളം നൽകുന്നതിന് 108.70 കോടി രൂപയുടെ പദ്ധതിക്കാണ് പണം വകിയിരിത്തിയിരുന്നത്. ഇത് അഞ്ച് പാക്കേജുകളായാണ് പ്രവൃത്തി നടക്കുന്നത്. ഇതിൽ നാല് പാക്കേജിലെയും പ്രവൃത്തികളുടെ 90 ശതമാനത്തോളം പൂർത്തിയായി. ബാക്കിയുള്ളത് മെയ് 15ന് മുമ്പ് തീർക്കും. പാക്കേജ് അഞ്ചിൽപ്പെട്ട പ്രവൃത്തി ദേശീയപാത അധികൃതരുടെ അനുമതി കിട്ടാത്തതുമൂലം ഏറ്റെടുത്ത കരാറുകാരൻ ഹൈക്കോടതി മുഖേന ഒഴിവായതിനാൽ നടന്നിട്ടില്ല. ദേശീയപാത അതോറിട്ടിയുടെ അനുമതി ലഭിച്ച് റീ ടെണ്ടർ ചെയ്തതിന് ശേഷം പ്രവൃത്തി പൂർത്തീകരിച്ചാലെ മുഴുവൻ വീടുകൾക്കും ജലവിതരണം സാധ്യമാകൂ. ദേശീയപാത അതോറിട്ടിയുടെ അനുമതിക്കും പുനർ ടെണ്ടർ നൽകുന്നതിനും പെട്ടെന്നുള്ള ഇടപെടലുകൾ ഉണ്ടാകുന്നതിനും തീരുമാനമായി.

ചിറയിൽ, കൊണ്ടോട്ടി (കാന്തക്കാട്) യു.പി സ്‌കൂളുകളുടെയും ഓമാനൂർ ജി.വി.എച്ച്.എസിന്റെയും മൂന്ന് കോടി രൂപ വീതമുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിനുള്ള ഡി.പി.ആർ അംഗീകരിച്ച് ടെണ്ടർ നടപടികൾ ഉടൻ പൂർത്തീകരിക്കും. കരാറുകാരൻ ഒഴിവായ മുതുവല്ലൂർ സ്‌കൂളിന്റെ ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പുതുക്കി ടെണ്ടർ ചെയ്യുന്നതിനും തീരുമാനമായി. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡുകളുടെ പുരോഗതിയും വിലയിരുത്തി. ഇവിടെ പ്രവൃത്തിയുടെ അമ്പത് ശതമാനത്തോളം പൂർത്തിയായി. ഇരുപത് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിൽ അഞ്ച് അങ്ങാടികൾ ഒഴികെ ബാക്കി എല്ലായിടത്തും കിഫ്ബി മാനദണ്ഡ പ്രകാരം 13.60 മീറ്റർ സ്ഥലം സൗജന്യമായി ലഭ്യമാക്കേണ്ടതാണ്. ഭൂവുടമകൾ എല്ലായിടത്തും സഹകരിച്ച് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. വളരെ കുറഞ്ഞ വ്യക്തികൾ മാത്രം സ്ഥലം നൽകാത്തിടത്ത് റോഡ് വികസനം നടന്നിട്ടില്ല. അവരെകൂടി സഹകരിപ്പികുന്നതിനുള്ള ശ്രമം തുടരുകയാണ്. അഞ്ച് അങ്ങാടികളിൽ സ്ഥലം ഏറ്റെടുത്ത് രണ്ടാം ഘട്ടത്തിൽ വികസിപ്പിക്കും. ഇതിനുള്ള ഫണ്ട് നേരത്തെ വകയിരുത്തിയിട്ടുണ്ട്. കൊണ്ടോട്ടി താലുക്ക് ആശുപത്രി വികസനത്തിന്റെ രൂപരേഖ വേഗത്തിൽ അംഗീകാരം നൽകുന്നതിന് സമർപ്പിക്കാനും തീരുമാനമായി.