കണ്ണൂർ ഗവ.വനിത ഐ.ടി.ഐ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

post

കാലഹരണപ്പെട്ട കോഴ്സുകൾ ഒഴിവാക്കി ഐ.ടി.ഐ മേഖല നവീകരിക്കും: മന്ത്രി വി.ശിവൻകുട്ടി

കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഗവ. വനിത ഐ.ടി.ഐ ഫസ്റ്റ് ഗ്രേഡ് ഐ.ടി.ഐയായി ഉയർത്താൻ സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. 2.25 കോടി രൂപ ചെലവിൽ ഇരുനിലകളിലായി 1010 ചതുരശ്ര മീറ്ററിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഒരുക്കിയത്. ഈ കെട്ടിടത്തിൽ വൈസ് പ്രിൻസിപ്പലിന്റെ മുറി, ക്ലാസ് മുറി, പ്രാക്ടിക്കൽ ഹാൾ, സ്റ്റാഫ് റൂം എന്നിവയാണുള്ളത്. 27 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ ശുചിമുറി ബ്ലോക്കിൽ ഒരു ഭിന്നശേഷി സൗഹൃദം ഉൾപ്പെടെ 13 ശൗചാലയങ്ങളുണ്ട്. 32 ലക്ഷം രൂപ ഉപയോഗിച്ച് അമിനിറ്റി സെന്റർ, 80 ലക്ഷത്തിന്റെ ചുറ്റുമതിൽ, 27 ലക്ഷത്തിന്റെ പ്രവേശന കവാടം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.

കാലഹരണപ്പെട്ട കോഴ്സുകൾ ഒഴിവാക്കിയും പുതിയത് ഉൾപ്പെടുത്തിയും ഐ.ടി.ഐ മേഖല കൂടുതൽ മെച്ചപ്പെടുത്തുമെന്ന് മന്ത്രി  പറഞ്ഞു. ഇപ്പോൾ ഐ ടി ഐയിൽ പഠിപ്പിക്കുന്ന പല കോഴ്സുകളും 20 വർഷത്തിലധികം പഴക്കമുള്ളതാണ്. അതിനാൽ നിലവിലുള്ള കോഴ്സുകൾ സംബന്ധിച്ച് പഠനം നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ കാലഹരണപ്പെട്ട കോഴ്സുകൾ ഒഴിവാക്കി പുതിയത് ഉൾപ്പെടുത്തും. ആധുനിക തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് കൊണ്ടുവരിക. അധ്യാപകർക്കും പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികവും തൊഴിലധിഷ്ടിതവുമായ വിദ്യാഭ്യാസവും പരിശീലനവും നൽകി സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ സർക്കാർ നിർണായക പങ്കാണ് വഹിക്കുന്നത്. സ്ത്രീകൾക്ക് തൊഴിൽ സേനയിൽ പ്രവേശിക്കാൻ ആവശ്യമായ വൈദഗ്ധ്യം നേടിക്കൊടുക്കുമ്പോൾ തൊഴിൽ മേഖലയിൽ ലിംഗ സമത്വം ശക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.