കുടിവെള്ളക്ഷാമം പരിഹരിച്ച് ഭൂജല വകുപ്പ്

post

കൊല്ലം ജില്ലയില്‍ കുടിവെള്ളക്ഷാമം പരിഹരിച്ച് ഭൂജല വകുപ്പ്. ഭൂജലവിതാനം കുറവുള്ള മുഖത്തല ബ്ലോക്കിലും ശാസ്താംകോട്ട ശുദ്ധജലതടാകത്തോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ലഭിക്കുന്ന മഴവെള്ളം റീ ചാര്‍ജ് പിറ്റുകളില്‍ ശേഖരിച്ച് ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്ന കൃത്രിമഭൂജല സംപോഷണ പദ്ധതി വിജയകരമായി നടപ്പിലാക്കി. പൊതുവിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുമാണ് ഇതിനായി തിരഞ്ഞെടുത്തത്. 2021-22 സാമ്പത്തിക വര്‍ഷം 60.67 ലക്ഷം രൂപ ചെലവില്‍ 39 കൃത്രിമ ഭൂജലപോഷണ പദ്ധതികളും 2022-23 ല്‍ 35 പദ്ധതികളും നടപ്പാക്കി.

കിഴക്കന്‍ മലയോര മേഖലയിൽ ഭൂജലാധിഷ്ഠിത പദ്ധതി വഴി 40.50 ലക്ഷം ചെലവില്‍ കുടിവെള്ള പദ്ധതികളും ട്യൂബ് വെല്‍, ബോര്‍ വെല്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. ജലജീവന്‍ പദ്ധതി വഴി ജില്ലയിലെ കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയാത്ത വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണറും പമ്പിങ് സ്‌കീമും സ്ഥാപിച്ച് മിനി കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. ഇതോടൊപ്പം മണ്‍സൂണില്‍ ലഭിക്കുന്ന മഴയെ ശാസ്ത്രീയമായി സംഭരിച്ച് ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനുള്ള ഭൂജല വകുപ്പിന്റെ പദ്ധതികളും പുരോഗമിക്കുകയാണ്.