ക്യാൻസർ രോഗികളെ സഹായിക്കാൻ എം.സി.സിയുടെ ബോൺമാരോ രജിസ്റ്റർ

post

പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിലെ ബോൺ മാരോ രജിസ്ട്രേഷൻ ജീവന് വേണ്ടിയുള്ള കരുതലാവുന്നു. ക്യാൻസർ രോഗികളെ സഹായിക്കാനാണ് ബോൺ മാരോ രജിസ്ട്രേഷൻ. 

ലോകമെമ്പാടും പ്രതിവർഷം പത്ത് ലക്ഷത്തോളം പേരിൽ അർബുദരോഗം കാണപ്പെടുന്നു. ഇന്ത്യയിൽ മാത്രം 2.25 ലക്ഷത്തോളം അർബുദരോഗികളെ പുതുതായി കണ്ടെത്തുന്നുണ്ട്. ഇവരെ സഹായിക്കാൻ വിത്ത് കോശങ്ങൾ ശേഖരിക്കുന്ന പ്രക്രിയക്കാണ് ബോൺമാരോ രജിസ്റ്റർ തയ്യാറാക്കുന്നതിലൂടെ തുടക്കമിടുന്നത്. ദാതാക്കളുടെ വിത്തു കോശങ്ങൾ ആണ് മജ്ജ മാറ്റിവെയ്ക്കൽ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്. കോശങ്ങൾ മാറ്റിവെക്കുന്നതിലൂടെ പ്രവർത്തനരഹിതമായ മജ്ജയെ പൂർണ്ണ ആരോഗ്യസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നു. ഇതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയും.

അക്യൂട്ട് മൈലോയ്ഡ്, അക്യൂട്ട് ലിംഫോസ്റ്റാസ്റ്റിക് ലൂക്കീമിയ, ക്രോണിക്ക് മൈലോയ്ഡ് ലൂക്കീമിയ, മൈലോയിഡ് പ്ലാസ്റ്റിക് സിൻഡ്രോം, ലിംഫോമിയ, സോളിഡ് ട്യൂമർ തുടങ്ങിയ കാൻസർ രോഗങ്ങൾ ഭേദമാക്കാൻ വിത്തു കോശങ്ങൾ മാറ്റിവെയ്ക്കുന്നത് ഫലപ്രദമാണ്. 18നും 60 നും ഇടയിൽ പ്രായമുള്ള, അനുബന്ധ രോഗങ്ങൾ ഒന്നുമില്ലാത്ത ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും വിത്തു കോശം ദാനം നടത്താം. വിത്തു കോശശേഖരണ പ്രക്രിയയ്ക്ക് മൂന്ന് മുതൽ ആറ് മണിക്കൂർ വരെ സമയം ആവശ്യമാണ്.

സഹോദരങ്ങളാണ് ഏറ്റവും അനുയോജ്യമായ ദാതാക്കൾ. അതിനുപുറമേ പൊതുജനങ്ങൾക്കിടയിൽ നിന്ന് സാദൃശ്യമുള്ള ദാതാവിനെ കണ്ടെത്തുക എന്നതാണ് ബോൺമാരോ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ തുടങ്ങി 50 ഓളം പേരാണ് രണ്ട് ദിവസങ്ങളിലായി എന്റെ കേരളം മെഗാ എക്സിബിഷനിൽ തലശ്ശേരി മലബാർ ക്യാൻസർ സെന്റർ ഒരുക്കിയ സ്റ്റാളിൽ രജിസ്റ്റർ ചെയ്തത്.

രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി ഒരു രോഗിക്ക് അനുയോജ്യനായ ദാതാവാണ് താൻ എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ദാതാവിന്റെ സാമ്പിൾ ശേഖരിച്ച് കൺഫർമേറ്ററി ടൈപ്പിംഗ് രക്ത ജന്യ രോഗങ്ങളുടെ പരിശോധനയും നടത്തും തുടർന്ന് അഞ്ചുദിവസത്തെ തുടർച്ചയായ ജി- സി.എസ്.എഫ് ഇഞ്ചക്ഷനിലൂടെ പെരിഫറൽ രക്തത്തിൽ ആവശ്യമായ വിത്ത് കോശങ്ങൾ ലഭിച്ചാൽ യന്ത്ര സഹായത്താൽ മജ്ജ ശേഖരിക്കുന്നു.

ബോൺമാരോ രജിസ്റ്ററിൽ അംഗമാകാൻ നിങ്ങളുടെ പേരും തിരിച്ചറിയൽ രേഖകളും എന്റെ കേരളം മേളയിലെ മലബാർ ക്യാൻസർ സെന്ററിന്റെ സ്റ്റാളിൽ നൽകുന്നതിലൂടെ സാധിക്കുന്നു. രജിസ്ട്രേഷൻ നടത്തിയതിനുശേഷം വിത്ത് കോശ ദാനത്തിൽ നിന്നും ദാതാവിന് പിന്മാറാനുള്ള അവകാശവും ഉണ്ട്.