മാലിന്യത്തിനെതിരെ കോട്ട തീര്‍ത്ത് കാസർഗോഡ് ജില്ലയിലെ വലിയപറമ്പ
വിനോദ സഞ്ചാരമേഖലയായ കാസർഗോഡ് ജില്ലയിലെ ദ്വീപ് പഞ്ചായത്ത് വലിയ പറമ്പ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തില്‍ തനത് മാതൃക തീര്‍ത്ത് മുന്നേറുകയാണ്. പ്രദേശത്തിന്റെ പ്രത്യേകതയും മറ്റും കണക്കിലെടുത്തുള്ള മാലിന്യ സംസ്‌കരണ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം ജനസംരക്ഷണത്തിനും പ്രത്യേക പ്രാധാന്യം കൊടുക്കുന്ന പദ്ധതികള്‍ വലിയപറമ്പ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്നു. വിനോദ സഞ്ചാര മേഖല കൂടിയായതിനാല്‍ വൃത്തിയുള്ള ചുറ്റുപാടുകള്‍ ഏറെ നിര്‍ണായകമാണ്. പഞ്ചായത്തിലെ പൊതുയിടങ്ങള്‍ എല്ലാം ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി. 13 വാര്‍ഡുകളിലുമായി 17 മിനി എം.സി.എഫുകള്‍ സ്ഥാപിച്ചു. ഹരിതകര്‍മ സേന പ്രവര്‍ത്തനം വളരെ കാര്യക്ഷമമായി ഇവിടെ നടക്കുന്നു. മാലിന്യങ്ങള്‍ കൂട്ടമായി നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി കഴിഞ്ഞു. എപ്രില്‍ 23ന് പഞ്ചായത്തിലെ 24 കിലോമീറ്റര്‍ റോഡുകളും പരിസരവും ശുചികരിക്കുന്നതിനും തീരുമാനമായി.
ദ്രവ മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി സോക്കേജ് പിറ്റുകള്‍ നിര്‍മിച്ചു നല്‍കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരത്തില്‍ സോക്കേജ് പിറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 1750 ല്‍ അധികം സോക്കേജ് പിറ്റുകളാണ് ഒരു വര്‍ഷം കൊണ്ട് തൊഴിലുറപ്പ് പദ്ധതി വഴി വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും റിംഗ് കമ്പോസ്റ്റ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും അങ്കണവാടികളിലും ബയോ ബിന്‍ വിതരണം ചെയ്തു.
മുഴുവന്‍ വീടുകള്‍ക്കും സെപ്റ്റിക് ടാങ്ക്
പഞ്ചായത്തില്‍ കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടിരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ഭൂരിഭാഗം വീടുകളിലും ഒറ്റകുഴി സെപ്റ്റിക് ടാങ്കുകളാണ് എന്ന് കണ്ടെത്തി. ഇത് ഇ - കോളി ബാക്ടീരിയ കുടിവെള്ളത്തില്‍ കലരാന്‍ കാരണമായേക്കാം എന്ന വിലയിരുത്തലിൽ പഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കുന്ന ബൃഹത്തായ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനത്തിലെത്തുകയായിരുന്നു. 13 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്തിന്റെ കൂടെ സഹായത്തോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജനങ്ങളുമായി കരാര്‍
മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം, മാലിന്യം കെട്ടിക്കിടക്കുന്നത് മൂലമുള്ള ദൂഷ്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിച്ച് അവരെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ പഞ്ചായത്ത് ഒരോ വീടുമായും ഒരു കരാര്‍ ഉണ്ടാക്കി. മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിത കര്‍മ സേനയ്ക്ക് കൈമാറുന്നതടക്കമുള്ളതാണ് കരാര്‍. വലിയപറമ്പ ഗ്രാമ പഞ്ചായത്തില്‍ ആദ്യമായി നടപ്പിലാക്കിയ ഈ മാതൃക പിന്നീട് പല തദ്ദേശ സ്ഥാപനങ്ങളും പിന്തുടര്‍ന്നു. ഇത്തരത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് വലിയപറമ്പ ഗ്രാമ പഞ്ചായത്ത്.