പ്രതിരോധ നടപടികളില്‍ സഹകരിക്കും: മത, സാമുദായിക സംഘടനകള്‍

post

വയനാട്: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് ജില്ലയിലെ മത, സാമുദായിക സംഘടനകള്‍ ഉറപ്പുനല്‍കി. രോഗവ്യാപനം തടയുന്നതിനായുള്ള തുടര്‍നടപടികള്‍ വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും മത, സാമുദായിക സംഘടന നേതാക്കളുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് ജില്ലയിലെ സംഘടനാ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. 

രോഗവ്യാപനം തടയുന്നതിന്  മത, സാമുദായിക സംഘടനകളുടെ കാര്യമായ ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അവശ്യപ്പെട്ടിരുന്നു. രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ചില ആരാധനാലയങ്ങള്‍ നാലാഴ്ച്ച വരെ അടച്ചിട്ട് മാതൃകയായിട്ടുണ്ട്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപടികള്‍ സ്വീകരിക്കില്ല. ആരാധനാലയങ്ങള്‍ ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ജാഗ്രതയോടെ നിര്‍വ്വഹിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. രോഗം നിര്‍ണ്ണയത്തിന് റാപ്പിഡ് ടെസ്റ്റ് സംവിധാനമൊരുക്കും. കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി ഹോസ്റ്റലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്താനും ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

ഉത്സവങ്ങള്‍, ഉറൂസുകള്‍, പെരുന്നാളുകള്‍ തുടങ്ങിയവയെല്ലാം ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ജില്ലാ കളക്ടറെ അറിയിച്ചു. മുതിര്‍ന്നവര്‍ക്കും ചെറിയ കുട്ടികള്‍ക്കും രോഗം പിടിപെടാന്‍ സാധ്യത കൂടുതലുളളതിനാല്‍ ഇത്തരക്കാര്‍ കഴിവതും ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരുടെയും വിവരങ്ങള്‍ പോലീസിന്റെ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.