എന്റെ കേരളം പ്രദര്‍ശന വിപണന മേള: പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന് 7 ദിവസത്തില്‍ 40.63 ലക്ഷം വരുമാനം

post

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന് 40,63,011 രൂപ വരുമാനം ലഭിച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. 75 സ്റ്റാളുകളില്‍ നിന്നായാണ് ഇത്രയും തുക ലഭിച്ചത്. കഴിഞ്ഞവര്‍ഷം 23 ലക്ഷം രൂപയായിരുന്ന വരുമാനമാണ് ഇത്തവണ ഇരട്ടിയോളമായത്. ഭക്ഷ്യോത്പ്പന്നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, ഇലക്ട്രോണിക്-കരകൗശല-മുള ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കാര്‍ഷിക ആയുധങ്ങള്‍, യന്ത്ര സാമഗ്രികള്‍, പരമ്പരാഗത വ്യവസായ ഉത്പന്നങ്ങളായ കൈത്തറി, ഖാദി, മണ്‍പാത്രങ്ങള്‍, അച്ചാറുകള്‍, പഴച്ചാറുകള്‍ തുടങ്ങിയ 75 സ്റ്റാളുകളില്‍ നിന്നുമായാണ് ഇത്രയും തുക ലഭിച്ചത്.

ഇതിന് പുറമെ ഉത്പന്ന, സേവന സ്റ്റാളുകളില്‍ പദ്ധതികളുമായി ബന്ധപ്പെട്ട 4637 അന്വേഷണങ്ങളും ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റില്‍ 42 ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുമായി സംവദിക്കുവാനും ബിസിനസ് ചര്‍ച്ചയില്‍ ഏര്‍പ്പെടാനും അവസരമുണ്ടായി. ജില്ലാ വ്യവസായ കേന്ദ്രം മുഖേനയുള്ള സംരംഭക സഹായങ്ങളും സ്റ്റാളില്‍ നല്‍കിയിരുന്നു. മേളയില്‍ ഒരേ സമയം പത്തില്‍ കൂടുതല്‍ വ്യാപാരികളുമായി സംവദിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ച ഉപഭോക്താക്കള്‍ക്കായി മറ്റൊരു ബി2ബി മീറ്റ് പ്രത്യേകം സംഘടിപ്പിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

38.61 ലക്ഷം രൂപയുടെ വിറ്റു വരവ് നേടി കുടുംബശ്രീ

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണമേളയില്‍ കുടുംബശ്രീ ഒരുക്കിയ സ്റ്റാളുകളില്‍ നിന്ന് 38,61,728 രൂപയുടെ വിറ്റുവരവ് നേടിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കുടുംബശ്രീ സംരംഭക യൂണിറ്റുകളുടെ 35 കൊമേഴ്‌സ്യല്‍ സ്റ്റാളുകളില്‍ നിന്ന് 26,31,318 രൂപയും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകളില്‍ നിന്നായി 12,30,410 രൂപയും ലഭിച്ചു.

കുടുംബശ്രീ ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയ അട്ടപ്പാടി ട്രൈബല്‍ യൂണിറ്റിന്റെ വനസുന്ദരി, സോലൈ മിലന്‍ എന്നീ വിഭവങ്ങള്‍ ഏറെ ജനപ്രീതി നേടി. ശ്രീകൃഷ്ണപുരം രുചിക്കൂട്ട് കഫെയുടെ മലബാര്‍ ചിക്കന്‍ ബിരിയാണി, ഒരുമ ട്രാന്‍സ്ജെന്‍ഡര്‍ കാന്റീനിന്റെ ജ്യൂസുകള്‍, കാവശ്ശേരി രുചി കാന്റീനിന്റെ ചോലെ ബട്ടുര, കാവശ്ശേരി സുഭിക്ഷ കാന്റീനിന്റെ ഉന്നക്കായ, പത്തിരി തുടങ്ങിയ മലബാര്‍ സ്നാക്സ്, പാലക്കാട് സുന്ദരീസ് കഫെ ഒരുക്കിയ ദോശകള്‍ തുടങ്ങിയ വിഭവങ്ങളും ഫുഡ്‌കോര്‍ട്ടില്‍ ഒരുക്കിയിരുന്നു. ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടിയെടുക്കാന്‍ സാധിച്ചതായി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.