കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി മൈക്രോ എന്റര്‍പ്രൈസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

post

സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീ: മന്ത്രി പി.രാജീവ്

കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്റർനാഷണല്‍ കൺവെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ സംഘടിപ്പിച്ച മൈക്രോ എന്റര്‍പ്രൈസ് കോൺക്ലേവ് നിയമ വ്യവസായ കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ 'ഷീ സ്റ്റാര്‍ട്ട്സ്' പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശനവും ഓരോ ജില്ലയില്‍ നിന്നമുള്ള മികച്ച സംരംഭകര്‍ക്കും മികച്ച പിന്തുണ നല്‍കിയ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പദ്ധതി പുതുതായി തുടങ്ങുന്ന 10 ബ്ലോക്കുകളുടെ പ്രഖ്യാപനവും നടത്തി. 

സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് മന്ത്രി പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ വളരാന്‍ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഓരോ വീടുകളിലും ചെറിയ സംരംഭങ്ങള്‍ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ വീട്ടമ്മമാര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കി മാനവിഭവ ശേഷി വര്‍ധിപ്പിക്കാനും അവരെ സംരംഭ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്താനും സാധിക്കണം.

കുടുംബശ്രീ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ തുടക്കമിടുന്ന ഷീ സ്റ്റാര്‍ട്ട്സ് പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് കുടുംബശ്രീ തുടക്കമിടുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴില്‍ നൈപുണ്യപരിശീലനം നല്‍കാന്‍ സാധിക്കും. കുടുംബശ്രീ ഷീ സ്റ്റാര്‍ട്ട്സ് പദ്ധതി വ്യവസായ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.