പേരൂർക്കട ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം

post

ശിലാസ്ഥാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു

തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 3.11 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടികളുടെ ഭാഗമായി വിദ്യാകിരണം മിഷനിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറാകുമെന്ന് കരുതിയത് 67 സ്കൂൾ കെട്ടിടങ്ങൾ ആണെന്നും എന്നാൽ ഇതിനോടകം 74 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിന് സജ്ജമായെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 16 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു കഴിഞ്ഞു. ഇനി 58 സ്കൂൾ കെട്ടിടങ്ങളുടെ കൂടി ഉദ്ഘാടനം നിർവഹിക്കാൻ ഉണ്ട്. 113 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവഴിച്ചത്.

കോവിഡ് കാലം അടക്കം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും ഇത്രയും തുക പൊതുവിദ്യാലയങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്, സർക്കാരിന്റെ പൊതു വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വി.കെ പ്രശാന്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു