കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം
ജൂൺ ഒന്ന് മുതൽ ജൂൺ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. ഉത്സവ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കാൻ പേരാവൂർ തഹസിൽദാരെ ചുമതലപ്പെടുത്തി. കഴിഞ്ഞ തവണത്തെ ശുചീകരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയ്ക്ക് നൽകാനുള്ള വേതന കുടിശ്ശിക മുഴുവൻ ഉത്സവത്തിന് മുമ്പ് കൊടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. താൽക്കാലിക കച്ചവടക്കാരുമായുള്ള കരാറിൽ മാലിന്യ നിർമ്മാർജന നിബന്ധനകൾ ഉൾപ്പെടുത്തും.
അക്കരെ കൊട്ടിയൂരിനൊപ്പം ഇക്കരെ കൊട്ടിയൂരിലും അന്നദാനം ഏർപ്പെടുത്തും. വഴിപാടുകൾക്കും പ്രസാദ വിതരണത്തിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും. നിലവിലുള്ള പാർക്കിംഗ് യാർഡുകൾക്ക് പുറമെ പാമ്പറപ്പാനിലെയും ദേവസ്വം ഓഫീസിന് പിറകിലെയും പാർക്കിംഗ് യാർഡ് വിപുലീകരിക്കും. ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലേക്കുള്ള വഴിക്കായി സ്വകാര്യ ഉടമസ്ഥതയിലുള്ള 67.5 സെന്റ് പാട്ടത്തിനോ വിൽപനയ്‌ക്കോ ലഭ്യമാക്കുന്നതിന് സ്ഥലമുടമകളുമായി സംസാരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി.
കുടിവെള്ള വിതരണത്തിനായി ദേവസ്വത്തിന്റെ എട്ട് കിണറുകൾ ഉപയോഗപ്പെടുത്തും. സ്‌നാനഘട്ടം കിണർ ആഴം കൂട്ടി ജലലഭ്യത ഉറപ്പാക്കി. ടാങ്ക് വൃത്തിയാക്കൽ, ക്ലോറിനേഷൻ എന്നിവ പൂർത്തീകരിച്ചു. കൂടുതൽ താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുതുതായി 25 ശൗചാലയങ്ങൾ നിർമ്മിച്ചു. ഭക്തജന സുരക്ഷയ്ക്കായി 100 വിമുക്തഭടന്മാർ ഉൾപ്പെടെ 400 വളണ്ടിയർമാരെ നിയോഗിക്കും. തീർഥാടകരുടെ ആരോഗ്യപരിപാലനത്തിനായി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടേയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും കിഴക്കേ നടയിലെ ആരോഗ്യ ക്ലിനിക്കിനൊപ്പം പടിഞ്ഞാറെ നടയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഡിഎംഒയ്ക്ക് യോഗം നിർദ്ദേശം നൽകി.
ഉത്സവ നഗരിക്കും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തിയതായും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലുമായി നാൽപതിലേറെ അഗ്‌നി രക്ഷാശമനികൾ സ്ഥാപിക്കും. അഗ്‌നി സുരക്ഷാ സേനയുടെ സേവനവും ഉപയോഗപ്പെടുത്തും. ഉത്സവ നഗരിയിൽ കൂടുതൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കും. എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ പരിശോധനകൾ കർശനമാക്കും. ഉത്സവകാലത്ത് കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്താൻ യോഗത്തിൽ ധാരണയായി. പാർക്കിംഗ് യാർഡുകളിൽ പഞ്ചായത്ത് വക കുടിവെള്ള വിതരണമൊരുക്കും. വൈദ്യുതി വിതരണം സുഗമമാക്കാൻ കെ എസ് ഇ ബി അധിക ജീവനക്കാരെ നിയോഗിക്കും. ക്ഷേത്രനഗരി യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കാനും യോഗത്തിൽ ധാരണയായി.