ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഹീമോഗ്ലോബിന്‍ പരിശോധന

post

പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് വിവ കേരളം (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കാമ്പയിന്റെ ഭാഗമായി നടന്ന ഹീമോഗ്ലോബിന്‍ പരിശോധന ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഉദ്ഘാടന ചടങ്ങിനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ വിവാ കേരളം കാമ്പയിന്റെ ഭാഗമായി നടത്തിയ ഹീമോഗ്ലോബിന്‍ പരിശോധനയ്ക്ക് വിധേയരായി. കോന്നി മെഡിക്കല്‍ കോളജിലെ കാഷ്വാലിറ്റിക്ക് മുന്‍വശത്ത് തയാറാക്കിയ സ്റ്റാളിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചത്.

15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് വിവ കേരളത്തിന്റെ ലക്ഷ്യം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയും ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം. ആഹാര ക്രമീകരണത്തിലൂടെയും ചികിത്സയിലൂടെയും അനീമിയയില്‍ നിന്നും മുക്തിനേടാം.