പെരിന്തൽമണ്ണയിൽ പബ്ലിക് ഇ.വി ചാര്‍ജിങ് സ്റ്റേഷൻ തുറന്നു

post

പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച പബ്ലിക് ഇ.വി ചാർജിങ് സ്റ്റേഷന്റെ ഉദ്‌ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. 24 മണിക്കൂറും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്ന വിധത്തിലാണ് ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. അനെര്‍ട്ടിന്റെ മലപ്പുറം ജില്ലയിലെ ആദ്യത്തെ ഇ.വി ചാര്‍ജിങ് സ്റ്റേഷനാണ് ഇത്. 60, 22 കിലോവാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാര്‍ജിങ് ഗണ്ണുകള്‍ മെഷീനിലുണ്ട്. ടെസ്ല കാറുകളില്‍ ഉപയോഗിക്കുന്നതാണ് ഷാഡമോ ഗണ്‍. ഭാവിയിലെ മാറ്റം കൂടി ഉള്‍കൊള്ളാന്‍ ഇതിലൂടെ സാധിക്കും.

നഗരസഭാ ചെയര്‍മാന്‍ ആദ്യവാഹനത്തിന്റെ ചാര്‍ജിങ് നിര്‍വഹിച്ചു. ചാർജിങ് സ്റ്റേഷനിൽ ഒരേ സമയം രണ്ട് കാറുകള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും. ഫുള്‍ ചാര്‍ജിങിനു 30 മുതല്‍ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി.എസ്.ടിയും നല്‍കണം. പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന Electreefi എന്ന ആപ്പിലൂടെ പണമടക്കാം. ചാര്‍ജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാല്‍ ജീവനക്കാരുടെ ആവശ്യമില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജില്ലയിലെ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും അനെര്‍ട്ടിന്റെ പൊതു ചാര്‍ജിങ് സ്റ്റേഷന്‍ ഗുണകരമാകും. പൊതു ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്.