കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

post

കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയങ്ങളോടുള്ള അഭിരുചി വർദ്ധിക്കുന്നതിനും പദ്ധതി ഏറെ ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. കിഫ്‌ബി ഫണ്ടിൽ നിന്നും ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് ഗവേഷണ പരിശീലനത്തിലും കാർഷിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും അഭിമുഖ്യത്തിൽ പിടിഎയുടെ നേതൃത്വത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്. ഹയർസെക്കൻഡറി ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ ജോഗ്രഫി ഓപ്ഷണലായ സർക്കാർ സ്കൂളുകളിലാണ് കാലാവസ്ഥ കേന്ദ്രം തുടങ്ങുന്നത്. വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മാറ്റം നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി കാണാനും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്താനും കേന്ദ്രം സഹായകമാവും. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ കാലാവസ്ഥാമാറ്റം നിരീക്ഷിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് മതിയായ പരിശീലനവും നൽകും.