വന്യജീവി ആക്രമണം: സുരക്ഷാ വേലികളുടെ പരിപാലനം പഞ്ചായത്തുകൾക്ക് കൈമാറുന്നത് പരിഗണനയിൽ
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള അടിയന്തിര മാർഗങ്ങളായ ആനമതിലുകൾ, ട്രഞ്ചിങ്, സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് തുടങ്ങിയവയുടെ പരിപാലന ചുമതല പഞ്ചായത്തുകൾക്ക് നൽകാനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പാകെ സമർപ്പിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ നിയമസഭാ മണ്ഡലങ്ങളുടെ വനസൗഹൃദ സദസ്സ് ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറളം ഫാം മേഖലയിൽ ആന പ്രതിരോധ മതിൽ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നതായി മന്ത്രി പറഞ്ഞു. ആറളം ഫാം കേന്ദ്രമാക്കി ആർആർടിക്ക് പുറമെ 21 അംഗ സ്‌പെഷൽ ടീം രൂപവത്കരിച്ചു. വന്യജീവി ആക്രമണത്തിനുള്ള നഷ്ട പരിഹാരത്തിന്റെ നടപടിക്രമങ്ങൾ ലഘൂകരിക്കും. ആക്രമണത്തിന് ഇരയായ വ്യക്തിയെ ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ് പോരെന്നും സർക്കാർ സിവിൽ സർജന്റെ സർട്ടിഫിക്കറ്റ് വേണമെന്നുമുള്ള വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കും.
ജില്ലയിൽ ഇതുവരെ 3.066 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. മതിയായ രേഖകൾ നൽകാത്ത അപേക്ഷകൾ പഞ്ചായത്ത് തലത്തിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി സമർപ്പിക്കണം. 2022 മാർച്ച് 31 വരെയുള്ള അപേക്ഷകളിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള പണം അനുവദിച്ചുകഴിഞ്ഞു.
2023-24 വർഷത്തിൽ നബാർഡ് സ്‌കീമിൽ ഉൾപ്പെടുത്തി കൊട്ടിയൂർ റെയിഞ്ചിൽ 18.5 കിലോ മീറ്ററും തളിപ്പറമ്പ് റേഞ്ചിൽ മൂന്ന് കിലോ മീറ്ററും സോളാർ ഹാങ്ങിങ് ഫെൻസിംഗ് നിർമ്മിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. പയ്യാവൂർ പഞ്ചായത്തിൽ 10.5 കിലോ മീറ്റർ സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിച്ചിട്ടുണ്ട്. എരുവേശ്ശി ഗ്രാമപഞ്ചായത്തിൽ 14.5 കിലോ മീറ്ററും ഉദയഗിരി ഗ്രാമപഞ്ചായത്തിൽ 13 മീറ്ററും ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ 14.5 കിലോ മീറ്ററും സോളാർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ഈ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ തളിപ്പറമ്പ് റേഞ്ചിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്ന പ്രശ്‌നത്തിന് പരിഹാരമാവും. ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഫെൻസിംഗിനുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്ത് നഗരപാലികാ നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാറിന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങൾക്കുമുണ്ട്. പഞ്ചായത്തുകൾ സ്വന്തം നിലയ്ക്ക് ചെയ്ത ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേൾക്കാനുള്ള വകുപ്പായി വനം വകുപ്പ് മാറ്റണമെന്നും മന്ത്രി പറഞ്ഞു.
ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ, പയ്യന്നൂർ എന്നീ നാല് നിയോജക മണ്ഡലങ്ങളിലെ 14 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു വനസൗഹൃദ സദസ്സ്. പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും മന്ത്രി വിശദമായ മറുപടിയും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളും നൽകി. 20 പരാതികളാണ് വനസൗഹൃദ സദസ്സിൽ ലഭിച്ചത്. 18 പേർക്ക് 22.75 ലക്ഷം രൂപ നഷ്ട പരിഹാരമായി വിതരണം ചെയ്തു. മൂന്ന് പേർക്ക് എൻഒസി നൽകി.