അവര്‍ക്കായി സ്‌നേഹം കൈപ്പടയിലാക്കി എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍...

post

പത്തനംതിട്ട:''നാടിന്റെ നന്മയ്ക്കായുള്ള ഈ ത്യാഗത്തിന് ഒത്തിരി നന്ദി...ഒറ്റയ്ക്കല്ല കൂടെയുണ്ട് ഞങ്ങള്‍..., ഒറ്റപ്പെടല്‍ അല്ല... ഒരുപാട് ആളുകളുടെ നന്മയ്ക്കായുള്ള മാറിനില്‍ക്കല്‍ ആണ്... നന്ദി...'' സ്‌നേഹത്തിന്റെയും കരുതലിന്റെയും മാനസിക പിന്തുണയുടേയും നൂറുനൂറു സന്ദേശങ്ങളില്‍ ചിലതാണിത്. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നവര്‍ക്ക് സ്വന്തം കൈപ്പടയില്‍ കത്തുകള്‍ തയ്യാറാക്കി സമൂഹത്തിന് മാതൃകയാകുകയാണ് തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍  വിദ്യാര്‍ഥികള്‍.

വ്യത്യസ്ഥങ്ങളായ 637 കുറിപ്പുകളാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ  സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജ്  കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫ.ഡോ. ഗീതു മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങിയത്. ബിലിവേഴ്‌സ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആറ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ 25 എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് ഡോ.മറിനാ രാജന്റെ നേതൃത്വത്തില്‍ സ്‌നേഹ സന്ദേശങ്ങള്‍ തയ്യാറാക്കിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഡോ.മറിനാ രാജന്‍ പറഞ്ഞു. കത്തുകള്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വഴി വീടുകളില്‍ എത്തിക്കും.