പൊന്നാനിയിലെ നിള ടൂറിസം പാലവും നിളയോര പാതയും തുറന്നു

post

മലപ്പുറം പൊന്നാനിയിൽ നിള ടൂറിസം പാലവും നിളയോര പാതയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 36.28 കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്. 330 മീറ്റർ നീളമുള്ള പാലത്തിന് 12 മീറ്റർ വീതിയുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമായി 2 മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയും നിർമിച്ചിട്ടുണ്ട്. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകൾ മുന്നിൽക്കണ്ട് കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമുണ്ടാകാത്ത രീതിലാണ് പാലത്തിന്റെ നിർമാണം. 10 കോടി രൂപ ചെലവിലാണ് നിള ടൂറിസം റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ചമ്രവട്ടം കടവിൽ നിന്നാണ് നിളയോര പാത തുടങ്ങുന്നത്. വിനോദസഞ്ചാര, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

റോഡുകളെയും പാലങ്ങളെയും ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈകൊള്ളുന്നെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.