വരവായി 'ശുചിത്വ പൂരം'; മാലിന്യമുക്ത ജില്ലയാവാനൊരുങ്ങി തൃശൂർ

post

സംസ്ഥാന സർക്കാരിന്റെ "നവകേരളം വൃത്തിയുള്ള കേരളം " ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയ്ക്കായി ശുചിത്വ പൂരം പദ്ധതി നടപ്പാക്കുന്നു. മെയ് 19, 20, 21 തിയതികളിലായി ഘട്ടം ഘട്ടമായി ജില്ലയിൽ ശുചീകരണം നടത്തി ശുചിത്വ പൂരം ആചരിക്കും. 2024 മാർച്ച് 31 ന് മുമ്പായി മാലിന്യമുക്ത ജില്ലയായി തൃശൂരിനെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ പറഞ്ഞു. ഇതിനോട് അനുബന്ധിച്ച് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ പ്രത്യേക ആസൂത്രണ സമിതി യോഗം സംഘടിപ്പിച്ചു.

മെയ് 19ന് സർക്കാർ, അർദ്ധ സർക്കാർ, പൊതു, സ്വകാര്യ, വാണിജ്യം, വ്യവസായ, ചെറുകിട സ്ഥാപനങ്ങളും ഇതിനോട് ചേർന്നുള്ള പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കും. മെയ് 20 ന് പ്രാദേശിക തലത്തിൽ പൊതുയിടങ്ങളും ജലാശയങ്ങളും വൃത്തിയാക്കും. മൂന്നാം ദിവസം വീടുകളും പരിസരവും സമ്പൂർണ്ണ മാലിന്യമുക്തമാക്കിക്കൊണ്ട് ശുചിത്വ പൂരത്തിന് കൊടിയിറങ്ങും. തുടർന്ന് ശുചീകരണം നടത്തിയ സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി ജനകീയ ഓഡിറ്റ് സംഘടിപ്പിച്ച് ജില്ലാ ആസൂതണ സമിതി അവലോകനം ചെയ്യും. മാലിന്യമുക്ത ജില്ലയായി തൃശൂരിനെ മാറ്റാനുള്ള ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ശുചിത്വ പൂരം.

ഏപ്രിൽ 30നകം മാലിന്യ കൂനകൾ ജിയോ ടാഗ് ചെയ്ത് പട്ടിക തയ്യാറാക്കും. കൂടാതെ ബ്ലോക്ക്, പഞ്ചായത്ത്, വാർഡ് തലത്തിൽ സാനിറ്റേഷൻ സമിതി രൂപീകരിച്ച് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ജലസ്രോതസ്സുകളും ശുചീകരിക്കും.