ശുചിത്വം ശക്തമാക്കാന്‍ ശുചിത്വ സഭകള്‍: മാതൃകയായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
ശുചിത്വ മിഷന്റെ സഹകരണത്തോടെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ ജൂണ്‍ അഞ്ചിനകം മാലിന്യമുക്ത പഞ്ചായത്തുകളാക്കി മാറ്റുന്നതിനുമായി നടത്തിവരുന്ന ശുചിത്വ സഭ പാലക്കാട് ജില്ലയിലെ മലമ്പുഴ പഞ്ചായത്തില്‍ നടന്നു.
മഴക്കാലപൂര്‍വ്വ ശുചീകരണം, വൃത്തിയുള്ള കേരളം വലിച്ചെറിയല്‍ മുക്ത കേരളം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, തെളിനീരൊഴുകും നവകേരളം തുടര്‍ പ്രവര്‍ത്തനങ്ങള്‍, ജൈവ-അജൈവ മാലിന്യ സമ്പൂര്‍ണ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മലമ്പുഴ ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ-ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ശുചിത്വ സഭയുടെ ഒന്ന്, രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായി. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ തരം തിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനുമായി വാര്‍ഡുകളിലെ ക്ലസ്റ്റര്‍ പ്രവര്‍ത്തനവും മാലിന്യങ്ങള്‍ വലിച്ചെറിയല്‍ തടയുന്നതിനുള്ള ശുചിത്വ സ്‌ക്വാഡിന്റെ പ്രവര്‍ത്തനവും ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനും മാലിന്യ പരിപാലനം സംബന്ധിച്ച് ക്ലസ്റ്റര്‍ തല ബോധവത്ക്കരണം പുനഃരാരംഭിക്കുന്നതിനും പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും അജൈവ മാലിന്യ വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാനും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കാനും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിനും തീരുമാനിച്ചു.
ശുചിത്വ സഭകള്‍ നല്ല രീതിയില്‍ നടത്തിയ മുഴുവന്‍ പഞ്ചായത്തുകളെയും അനുമോദിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മുഴുവന്‍ പഞ്ചായത്ത് പ്രതിനിധികളെയും പങ്കെടുപ്പിച്ച് മലമ്പുഴ ബ്ലോക്കില്‍ ശില്‍പശാലയും അവലോകനവും നടത്തുമെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെകട്ടറി, ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒ, വാര്‍ഡുകളെ പ്രതിനിധീകരിച്ച ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.