കൈത്താങ്ങായി കണ്ണൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത്

post

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 'കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അങ്കണത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ കീശയിൽ കൈയ്യിട്ട് വരുന്ന ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. നീണ്ട കാലം പരാതികൾ പരിഹരിക്കാതെ കിടക്കുക എന്നത് ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിനൊപ്പം അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയാണ് പരാതി പരിഹാര അദാലത്തിനുള്ളത്. പരിഹരിക്കാൻ പറ്റാത്ത ഒട്ടേറെ പരാതികളും ലഭിച്ചിട്ടുണ്ട്. ഇവ പ്രത്യേകമായി പരിശോധിച്ച് പിന്നീട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയായി. പരാതി പരിഹാര രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ പര്യാപ്തമാണ് കരുതലും കൈത്താങ്ങുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഓൺലൈൻ ആയി 831 പരാതികളാണ് അദാലത്തിലേക്ക് ലഭിച്ചത്. 431 പരാതികൾ അനുകൂലമായി തീർപ്പാക്കി. 400 പരാതികൾ അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങൾ ആയതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണയ്ക്ക് വിട്ടു. 130 പരാതികൾ അദാലത്തിൽ നേരിട്ട് സ്വീകരിച്ചു. ഇവ രണ്ടാഴ്ചയ്ക്കകം തീർപ്പ് കൽപ്പിച്ച് മറുപടി അറിയിക്കും. തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, ജലസേചനം, റവന്യൂ, സർവ്വേ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. മുൻഗണനാ റേഷൻ കാർഡിനായി അദാലത്തിൽ പരാതി നൽകിയ 17 പേർക്കും മുൻഗണനാ കാർഡുകൾ അനുവദിച്ചു. അദാലത്തിലെത്തിയ 10 പേർക്ക് മന്ത്രിമാരായ കെ രാധാകൃഷ്ണനും പി പ്രസാദും മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.

വീട്ടുനമ്പര്‍ ലഭിക്കുന്നില്ലെന്ന പരാതി: പുന:പരിശോധനയ്ക്ക് മന്ത്രിയുടെ നിര്‍ദേശം

ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതായുള്ള പരാതിയില്‍ വീട്ടുനമ്പര്‍ ലഭിക്കാത്ത പാപ്പിനിശ്ശേരി പഞ്ചായത്തിലെ ആറു കുടുംബങ്ങളുടെ അപേക്ഷ പുനഃപരിശോധിച്ച് വേഗത്തില്‍ നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പാപ്പിനിശ്ശേരി പഞ്ചായത്തിലെ നരയന്‍കുളത്തെ റംഷി പട്ടുവം, അന്നത്ത് ഷബീര്‍, തങ്കം ഗോവിന്ദന്‍, ജസീല നൗഷാദ്, എം പി ടി ഷമീം, എ പ്രവീണ എന്നിവരുടെ വീടുകള്‍ക്കാണ് വീട്ടുനമ്പര്‍ ലഭിക്കാത്തത്. അഞ്ചു സെന്റ് വരുന്ന ഭൂമിയില്‍ നിര്‍മ്മിച്ച വീട് കരാറുകാരന്‍ മുഖേനയാണ് ഇവര്‍ വിലക്ക് വാങ്ങിയത്. വീട്ടുനമ്പര്‍ ലഭിക്കുമെന്ന ഉറപ്പ് കരാറുകാരന്‍ നല്‍കിയിരുന്നുവെങ്കിലും കബളിപ്പിക്കപ്പെടുകയായിരുന്നു. നാലു വര്‍ഷമായി കെട്ടിട നമ്പറിനായി ഓഫീസുകള്‍ കയറി ഇറങ്ങുന്ന തങ്ങളുടെ പ്രശ്‌നത്തില്‍ നടപടി എടുത്തതിന്റെ സംതൃപ്തിയോടെയാണ് കുടുംബങ്ങൾ അദാലത്തില്‍ നിന്നും മടങ്ങിയത്.

സങ്കടങ്ങളുടെ കാര്‍മേഘം അകന്നു; അവന്തികക്ക് ഇനി മരുന്ന് മുടങ്ങില്ല

ഭിന്നശേഷിക്കാരിയായ മകൾ അവന്തികയുടെ ചികിത്സാച്ചെലവും മരുന്ന് കാശും താങ്ങാനാവാതെ ദുരിതത്തിലായിരുന്നു ചെമ്പിലോട് പള്ളിപ്പൊയിലിലെ രമേശന്‍ കണ്ടപ്പനും, ഇ സജിനയും. മാസംതോറും 4500 രൂപയുടെ മരുന്ന് മാത്രം വേണം അവന്തികയ്ക്ക്. ഈ തുക താങ്ങാനാകുന്നില്ലെന്ന കാര്യം ഇരുവരും അദാലത്തിൽ മന്ത്രിമാരോട് പറഞ്ഞു. ഇതോടെ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച മന്ത്രി പി പ്രസാദ് പാലിയേറ്റീവ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി അവന്തികക്ക് മരുന്ന് മുടക്കമില്ലാതെ ലഭ്യമാക്കാന്‍ ഉത്തരവിടുകയായിരുന്നു. സൗജന്യമായി മരുന്ന് നല്‍കാന്‍ ഉത്തരവായതോടെ വേദന മാറി സന്തോഷം നിറഞ്ഞ മനസുമായാണ് കുടുംബം വീട്ടിലേക്ക് മടങ്ങിയത്.


അദാലത്ത് തുണയായി; കാർത്തിക്കിന്റെ വീട്ടിൽ ഇനി വാഹനമെത്തും.

കടമ്പൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ കാർത്തിക്കിന് ഇനി വീടിന്റെ മുന്നിൽ വാഹനമെത്തും. സെറിബ്രൽ പാൾസി മൂലം ദുരിതം അനുഭവിക്കുന്ന ഈ പതിനൊന്നുകാരന് വീട്ടിലേക്ക് വാഹനങ്ങൾക്ക് വരാനുള്ള പ്രയാസം കാരണം സ്കൂളിലേക്കും, ആശുപത്രിയിലേക്കുമുള്ള യാത്ര ഏറെ ബുദ്ധിമുട്ടായിരുന്നു. ആഡൂർ എൽ പി സ്കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിയാണ് കാർത്തിക്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കാൻ മന്ത്രി ഉത്തരവിട്ടു. താഴെ ചൊവ്വ സ്പിന്നിങ് മില്ലിലെ താൽകാലിക ജീവനക്കാരനാണ് കാർത്തിക്കിന്റെ അച്ഛൻ അരുൺ. യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് കാർത്തികിന്റെ അച്ഛൻ പറഞ്ഞു.

17 പേര്‍ക്ക് ബി പി എല്‍ റേഷന്‍ കാര്‍ഡ്; സങ്കടക്കയത്തില്‍ നിന്ന് ആശ്വസ തീരത്തേക്ക്

കാടാച്ചിറ ആഡൂരിലെ ടി അരുൺ, ബി പി എല്‍ റേഷന്‍ കാര്‍ഡിനായി മൂന്ന് വര്‍ഷം മുമ്പ് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. എന്നാല്‍ കണ്ണൂര്‍ താലൂക്കുതല അദാലത്തില്‍ എത്തിയതോടെ ഇതിന് പരിഹാരമായി. മന്ത്രിമാരായ കെ രാധാകൃഷണനും പി പ്രസാദും ചേര്‍ന്ന് മുന്‍ഗണന കാര്‍ഡ് കൈമാറി. അരുൺ ഉൾപ്പെടെ14 പേര്‍ക്കാണ് അദാലത്തില്‍ മുന്‍ഗണന കാര്‍ഡ് ലഭിച്ചത്. ക്യാന്‍സര്‍, ഹൃദ്രോഗം, അംഗവൈകല്യം, മാനസിക വൈകല്യം തുടങ്ങിയവ പരിഗണിച്ചാണ് കാര്‍ഡ് നൽകിയത്. ഇതിന് പുറമെ പുതുതായി അപേക്ഷ നല്‍കിയ മൂന്ന് പേര്‍ക്ക് കൂടി ബി പി എല്‍ കാര്‍ഡ് നല്‍കാന്‍ അദാലത്തില്‍ ഉത്തരവായി.