മോട്ടോർ വാഹന വകുപ്പിന്റെ സെൻട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷൻ തേവരയിൽ ആരംഭിച്ചു

post

പരിവാഹൻ സൈറ്റിൽ ലൈസൻസ് സംബന്ധമായി വിവിധ സേവനങ്ങൾ ലഭ്യം

മോട്ടോർ വാഹന വകുപ്പിന്റെ സെൻട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷൻ എറണാകുളം തേവരയിൽ ആരംഭിച്ചു. പരിവാഹൻ വെബ്സൈറ്റിൽ ലൈസൻസ് സംബന്ധമായി വിവിധ സേവനങ്ങൾ ലഭ്യമാണ്. പ്രധാനമായും ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസിലെ പേരുമാറ്റൽ, ലൈസൻസിലെ ഒരു ക്ലാസ് ഒഴിവാക്കൽ (Surrender of COV), ഡ്രൈവിംഗ് ലൈസൻസിലെ മേൽവിലാസം മാറ്റൽ, ഡ്രൈവിംഗ് ലൈസൻസിലെ ജനനത്തീയതി മാറ്റൽ, ലൈസൻസിലെ ഫോട്ടോയിലോ, ഒപ്പിലോ മാറ്റം വരുത്തൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസൻസ് എന്നീ സേവനങ്ങൾ ലഭിക്കും.

ഡ്രൈവിംഗ് ലൈസൻസ് അസൽ നഷ്ടപ്പെട്ടവരോ, തിരിച്ചറിയാൻ പറ്റാത്തവിധം നശിച്ചു പോയതോ ആണെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് സേവനത്തിനാണ് അപേക്ഷിക്കണം. ഈ സേവനത്തിന് അപേക്ഷിക്കുമ്പോൾ, നിർദ്ദിഷ്ട ഫോറത്തിലുള്ള, നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപ്പ്ലോഡ് ചെയ്യണം. പ്രത്യേകിച്ച് സേവനങ്ങൾ ഒന്നും ആവശ്യമില്ലാത്തവർക്ക് പുതിയ പെറ്റ് ജി (PET G) കാർഡ് ലൈസൻസ് ലഭിക്കുന്നതിന് 'Replacement of Licence' എന്ന സേവനത്തിന് അപേക്ഷിച്ചാൽ മതി.

ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

ഏതെങ്കിലും ലൈസൻസ് സേവനത്തിന് അപേക്ഷിക്കുമ്പോൾ, ഡി ഡ്യൂപ്ലിക്കേഷൻ (De-duplication) ആവശ്യമാണെന്ന് സന്ദേശം കണ്ടാൽ അത് പൂർത്തിയാക്കുന്നതിനായി, ഒറിജിനൽ ലൈസൻസുമായി ഏതെങ്കിലും ആർ.ടി ഓഫീസിൽ ഹാജരാവുകയോ, ഏതെങ്കിലും ആർ.ടി ഓഫീസിലേക്ക് ലൈസൻസിന്റെ ഇരുപുറവും ഇ-മെയിൽ അയക്കുകയോ ചെയ്താൽ, അത് അപേക്ഷിക്കാൻ തക്കവിധം ഡി-ഡ്യൂപ്ലിക്കേഷൻ പൂർത്തിയാക്കി ലഭിക്കും. 

ഒരു ഡ്രൈവിംഗ് ലൈസൻസിൽ (i) പെർമെനന്റ് അഡ്രസ്സ്, (ii) ടെമ്പററി അഡ്രസ്സ്/ പ്രസന്റ് അഡ്രസ്സ് എന്നിങ്ങനെ രണ്ട് അഡ്രസ്സുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈസൻസ് സേവനം പൂർത്തിയാക്കി, പ്രസന്റ് അഡ്രസ്സിലേക്ക് ആണ് ലൈസൻസ് അയക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ ലൈസൻസിൽ നൽകിയിരിക്കുന്ന പ്രസന്റ് അഡ്രസ്സിൽ സ്പീഡ് പോസ്റ്റ് വഴി ലഭിക്കുമെന്ന് ഉറപ്പാക്കണം. പഴയ സോഫ്റ്റ്വെയർ ആയ സ്മാർട്ട്മൂവ് പ്രകാരം ലഭിച്ച ലൈസൻസിൽ ഉള്ള ഏതെങ്കിലും അഡ്രസ്സ് ഭാഗങ്ങൾ വെബ്സൈറ്റിൽ കാണുന്നില്ലെങ്കിൽ, അപേക്ഷാസമയത്ത് മേൽ വിലാസം ലൈസൻസ് പ്രകാരം ആക്കി മാറ്റുന്നതിന് അനുവാദം ഉണ്ട്. ഏതെങ്കിലും മേൽവിലാസത്തിൽ മാറ്റമുണ്ടെങ്കിൽ Change of address എന്ന സേവനത്തിന് കൂടി അപേക്ഷിച്ച് ലൈസൻസ് കൈവശം എത്തും എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ ഏതെങ്കിലും സേവനത്തിന് അപേക്ഷിക്കുമ്പോൾ പുതിയ പെറ്റ് ജി കാർഡ് ലൈസൻസ് ലഭിക്കും. അതിനാൽ റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡ്രൈവിംഗ് ലൈസൻസ് എന്ന സേവനത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല.

നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ആണ് അപേക്ഷയോടൊപ്പം നൽകിയിരിക്കുന്നത് എന്ന് അപേക്ഷകൻ ഉറപ്പുവരുത്തണം. മൊബൈൽ നമ്പറിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ അപേക്ഷാസമയത്ത് മാറ്റി നൽകുന്നതിന് അവസരം ഉണ്ട്. മേൽവിലാസം കണ്ടെത്തുന്നതിനോ, ലൈസൻസ് കൈമാറുന്നതിനോ പോസ്റ്റ്മാന് സാധിക്കാത്ത സാഹചര്യമുണ്ടായാൽ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് അത് കൈമാറുന്ന ആവശ്യത്തിലേക്കാണ് നമ്പർ നിലവിൽ ഉപയോഗത്തിലുള്ളതായിരിക്കണം എന്ന് നിഷ്‌കർഷിച്ചിരിക്കുന്നത്.

ഒരു അപേക്ഷ പൂർത്തിയാക്കിയാൽ അതിന്റെ നിലവിലുള്ള അവസ്ഥ, പരിവാഹൻ വെബ്സൈറ്റിൽ 'application status' എന്ന മെനു വഴി പരിശോധിച്ച് ബോദ്ധ്യപ്പെടാം. പൂർത്തിയാകുന്ന ഓരോ ഘട്ടവും രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ സന്ദേശം ആയി ലഭിക്കും. ഇപ്രകാരം ലൈസൻസ് അയച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയാൽ അതിന്റെ സ്പീഡ് പോസ്റ്റ് നമ്പർ 'application status' വഴി ലഭ്യമാകുന്നതും, ലൈസൻസ് ലൊക്കേഷൻ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി മനസ്സിലാക്കാവുന്നതുമാണ്.

അപേക്ഷകർ ലൈസൻസിന്റെ ഒരു വശം മാത്രം അപ്പ്ലോഡ് ചെയ്യുന്നതായും, ഡിജിലോക്കർ, എം പരിവാഹൻ എന്നിവ വഴി കാണുന്ന ലൈസൻസ് വിവരങ്ങളുടെ സ്‌ക്രീൻഷോട്ട് അപ്പ്ലോഡ് ചെയ്യുന്നതായും കണ്ടുവരുന്നു. ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് ഒഴികെയുള്ള എല്ലാ സേവനങ്ങൾക്കും അസ്സൽ ലൈസൻസിന്റെ ഇരുവശവും അപ്പ്ലോഡ് ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കാൻ സാധിക്കുകയുള്ളൂ.

ഏതെങ്കിലും കാരണത്താൽ ലൈസൻസ് നേരിട്ട് കൈപ്പറ്റാൻ സാധിക്കില്ല എന്ന് ബോദ്ധ്യപ്പെട്ടാൽ ആർക്കെങ്കിലും അധികാരപത്രം നൽകി പോസ്റ്റ് ഓഫീസിൽ അറിയിച്ചു അത് കൈപ്പറ്റുന്നതിനുള്ള ക്രമീകരണം അപേക്ഷകൻ നടത്തണം. യാതൊരു കാരണത്താലും ലൈസൻസ് കൈപ്പറ്റാതെ തിരിച്ചു പോകുന്ന അവസ്ഥ ഉളവാകാതെ ശ്രദ്ധിക്കുക. ഏതെങ്കിലും കാരണത്താൽ ലൈസൻസ് കൈപ്പറ്റാതെ വന്നാൽ, അത് തിരികെ എറണാകുളത്ത് ഉള്ള കേന്ദ്രീകൃത ലൈസൻസ് പ്രിന്റിംഗ് കേന്ദ്രത്തിലേക്ക് ആയിരിക്കും തിരിച്ചെത്തുന്നത് (ഫോൺ: 0484-2996551). അത്തരത്തിൽ ഉള്ള ലൈസൻസുകൾ കൈപ്പറ്റണമെങ്കിൽ, ഉടമ നേരിട്ട് തേവര കെ.യു.ആർ.ടി.സി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സെൻട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തിൽ തിരിച്ചറിയൽ രേഖയുമായി ഹാജരായാൽ മാത്രമേ ലഭിക്കുവെന്ന് ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.