അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ സര്‍ക്കാര്‍

post

ഐ.എച്ച്.ആര്‍.ഡി.യുടെ മുതുവല്ലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പുതുതായി നിര്‍മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴില്‍ മേഖലകളും കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ നേടാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂര്‍ത്തിയാക്കിയത്. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍,എം.കോം ഫിനാന്‍സ് തുടങ്ങിയ കോഴ്‌സുകളാണുള്ളത്. പുതിയ കെട്ടിടത്തില്‍ ബി.ബി.എ കോഴ്‌സുകള്‍ ആരംഭിക്കും. മൂന്ന് ഹൈടെക് ക്ലാസ് മുറികള്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് അക്കാദമിക് ബ്ലോക്ക്. 2010 ജൂണിലാണ് സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് മുതുവല്ലൂര്‍ കോളേജ് ഓഫ് അപ്പ്‌ളൈഡ് സയന്‍സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.