മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

post

മഞ്ചേരി ഗവ. പോളിടെക്‌നിക്ക് കോളജിൽ 12.81 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സർക്കാറിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഉന്നത വിദ്യഭ്യാസ രംഗത്തും ശാസ്ത്രീയമായ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രായോഗിക പരിശീലനത്തോടൊപ്പമുള്ള വിദ്യാഭ്യാസം നേടുന്നതിലൂടെ നിരവധിപേർക്ക് ജോലി ലഭിക്കുന്നുണ്ട്. അത്തരത്തിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനുമുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ വിദ്യഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങളുടെ തുടർച്ചയാണ് ഉന്നത വിദ്യാഭ്യാസരംഗത്തും നടന്നുവരുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ കേവലം തൊഴിൽ അന്വേഷകർ ആവാതെ തൊഴിൽദായകരും തൊഴിൽ സൃഷ്ടാക്കളുമായി വളരണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു.

നൈപുണ്യവികസനത്തിലധിഷ്ഠിതമായ പുതുതലമുറ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കാണ് ഉന്നത വിദ്യഭ്യാസ മേഖല ഊന്നൽ നൽകുന്നത്. സ്‌കിൽ ഡെവലപ്പ്‌മെന്റ് പദ്ധതികൾ ഇതിനായി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. വിദ്യാർഥികളിൽ നിന്ന് തന്നെ മികച്ച സംരംഭകരെ വളർത്തിയെടുക്കാനുള്ള ശ്രമകരമായ പദ്ധതികൾക്കാണ് ഇനിയുള്ള ഘട്ടങ്ങളിൽ ഊന്നൽ നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജിൽ അക്കാദമിക് ബ്ലോക്ക്, മെക്കാനിക്കൽ എൻജിനീയറിങ് വർക്ക്‌ഷോപ്പ്്, എ ആൻഡ് ബി ബ്ലോക്ക് എന്നിവ നിർമിച്ചിട്ടുള്ളത്. 10 കോടി രൂപയാണ് അക്കാദമിക് ബ്ലോക്ക് നിർമാണത്തിന് ചെലവഴിച്ചത്. നബാർഡിന്റെ 2.81 കോടി രൂപ ചെലവിലാണ് മെക്കാനിക്കൽ വർക്ക്‌ഷോപ്പ് ബ്ലോക്കുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, സെമിനാർ ഹാൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ലാബ്, വർക്ക് ഷോപ്പ്, ലബോറട്ടറികൾ, കോമൺ കമ്പ്യൂട്ടർ ഫെസിലിറ്റി സെന്റർ, ഫിറ്റ്‌നസ് സെന്റർ തുടങ്ങിയവ ഉൾപ്പെട്ടതാണ് അക്കാദമിക് ബ്ലോക്ക്. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർമാണത്തിൽ കാലതാമസം നേരിട്ടെങ്കിലും പിന്നീട് സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തികരിച്ച് കെട്ടിടം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു.

കരുവമ്പുറത്ത് ഗവ. ടെക്‌നിക്കൽ സ്‌കൂളിനോട് ചേർന്നുള്ള അഞ്ച് ഏക്കറിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. 8520 ചതുരശ്ര അടിയിലാണ് അക്കാദമിക് കെട്ടിടം. പൊതുമരാമത്ത് വകുപ്പിനായിരുന്നു പ്രവൃത്തികളുടെ മേൽനോട്ട ചുമതല. മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ക്ലാസ് മുറികൾ, ലാബുകൾ, സ്റ്റാഫ് റൂം, കോൺഫറൻസ് ഹാൾ, ഡ്രോയിങ് റൂം, ശുചിമുറി കോംപ്ലക്‌സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ സിവിൽ, മെക്കാനിക്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നീ വിഭാഗത്തിലായി 550 വിദ്യാർഥികളാണ് ക്യാമ്പസിൽ പഠിക്കുന്നത്. പുതിയ കെട്ടിടങ്ങൾ വിദ്യാർഥികൾക്ക് തുറന്നു നൽകുന്നതോടെ ക്യാമ്പസിൽ ഉണ്ടായിരുന്ന ഒട്ടേറെ പരിമിതികൾക്ക് പരിഹാരമാകും.