നെടുമങ്ങാട് താലൂക്ക്തല അദാലത്ത് പ്രയോജനപ്പെടുത്തി ആയിരങ്ങള്‍; തീര്‍പ്പായത് 1692 അപേക്ഷകള്‍

post

ക്ഷേമപെന്‍ഷന്‍, മുന്‍ഗണന റേഷന്‍ കാര്‍ഡ്, ധനസഹായം, ലൈഫ് ഭവന പദ്ധതി, അതിര്‍ത്തി തര്‍ക്കം തുടങ്ങി നിരവധി പരാതികളും ആവശ്യങ്ങളുമായി ആയിരങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്ക്തല അദാലത്തിലെത്തിയത്. എല്ലാവരെയും ക്ഷമയോടെ കേട്ട് പ്രശ്‌നങ്ങള്‍ക്ക് വേണ്ട പരിഹാരം നിര്‍ദേശിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി.ആര്‍ അനിലും.

1692 അപേക്ഷകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. ഓണ്‍ലൈനായി 3101 അപേക്ഷകള്‍ ലഭിച്ചു. 'കരുതലും കൈത്താങ്ങും' നെടുമങ്ങാട് താലൂക്ക്തല അദാലത്തില്‍ നേരിട്ട് ലഭിച്ചത് 743 അപേക്ഷകളാണ്. ഇവ 15 ദിവസത്തിനകം തീര്‍പ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 810 അപേക്ഷകള്‍ ലഭിച്ചു. കൂടാതെ 599 അപേക്ഷകള്‍ നിരസിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. 1224 അപേക്ഷകളില്‍ 841 എണ്ണം തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 475 അപേക്ഷകള്‍ തീര്‍പ്പാക്കി. ആദാലത്തില്‍ അപേക്ഷ ലഭിച്ചതും മുന്‍പ് അനുവദിച്ചതുമായ 245 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. നെടുമങ്ങാട് ആര്‍ ഡി ഒയുമായി ബന്ധപ്പെട്ട 109 പരാതികളും പരിഹരിച്ചു. പട്ടികജാതി വികസന വകുപ്പിന് ലഭിച്ച അപേക്ഷകള്‍ മുഴുവനും തീര്‍പ്പാക്കി. കാര്‍ഷിക വകുപ്പിന് കീഴില്‍ 50 പരാതികളും ഓള്‍ വെല്‍ഫയര്‍ ബോര്‍ഡിന് ലഭിച്ച 16 അപേക്ഷകളും അദാലത്തില്‍ പരിഹരിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ബന്ധപ്പെട്ട 19 അപേക്ഷകളും, കെ.എസ്.ഇ.ബിക്ക് ലഭിച്ച നാല് അപേക്ഷകളും തീര്‍പ്പാക്കി. ജലസേചനവുമായി ബന്ധപ്പെട്ട അഞ്ച് അപേക്ഷകളും മലിനീകരണ നിയന്ത്രണ ബോര്‍ഡുമായി ബന്ധപ്പെട്ട രണ്ട് അപേക്ഷകളും പരിഹരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ നടന്ന അദാലത്തുകള്‍ ആയിരത്തിലേറെ പേര്‍ക്കാണ് ആശ്വാസമായത്. ചിറയിന്‍കീഴ് മെയ് എട്ടിനും വര്‍ക്കലയില്‍ മെയ് 9നും കാട്ടാക്കടയില്‍ മെയ് 11നും അദാലത്തുകള്‍ നടക്കും.


അദാലത്ത് തുണയായി; കൃഷിനാശം സംഭവിച്ച കര്‍ഷകന് നഷ്ടപരിഹാരം കൈമാറി

ഇക്കഴിഞ്ഞ മാര്‍ച്ച് 19 ന് പെയ്ത വേനല്‍ മഴയിലും കാറ്റിലും ആര്യനാട് പറണ്ടോട് സ്വദേശി ദിലീപ് കുമാറിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന മുന്നൂറോളം വാഴകളാണ് നശിച്ചത്. ഇതിനു പിന്നാലെ ആര്യനാട് കൃഷി ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ മന്ത്രിമാര്‍ നേരിട്ടെത്തി പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്ന 'കരുതലും കൈത്താങ്ങും' അദാലത്തിനെക്കുറിച്ച് ദിലീപ് കുമാര്‍ അറിയുന്നതും പരാതി സമര്‍പ്പിക്കുന്നതും. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പരാതി മന്ത്രിമാര്‍ പരിശോധിക്കുകയും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. നെടുമങ്ങാട് താലൂക്കുതല അദാലത്ത് വേദിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് ദിലീപ് കുമാറിനുള്ള അടിയന്തരസഹായമായ 8,800 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കൈമാറി. മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നത് പോലെ, നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എത്തിയ, അവസാനത്തെയാളിന്റെയും പരാതികള്‍ കേട്ടശേഷമാണ് അദാലത്ത് അവസാനിച്ചത്. നേരത്തെ ലഭിച്ച 3101 പരാതികള്‍ക്ക് പുറമെ 743 അപേക്ഷകള്‍ കൂടി ഇന്ന് പരിഗണിച്ചു. പുതുതായി ലഭിച്ച പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.


ഹരിതയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടും; അദാലത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

ഫീസ് മുടങ്ങിയതിന്റെ പേരില്‍ കോളേജ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കാതിരുന്നതിനാല്‍് ജീവിതം വഴിമുട്ടിയപ്പോഴാണ് തൊളിക്കോട് സ്വദേശിയായ ഹരിത എം.എച്ച്, കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ എത്തിയത്. എഴുപത് ശതമാനം മാര്‍ക്കോടെയാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ, വഴിത്തല ശാന്തിഗിരി കോളേജില്‍ നിന്ന് ഹരിത ബി.കോം പഠനം പൂര്‍ത്തിയാക്കിയത്. 2017 ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ് ഹരിതയുടെ അച്ഛന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് അമ്മ ഉപേക്ഷിച്ചു പോകുകയും ചെയ്തതോടെ മൂന്ന് സെമസ്റ്ററുകളുടെ ഫീസ് മുടങ്ങി. അടുത്ത ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു ഹരിതയുടെ ജീവിതം.

മുപ്പതിനായിരം രൂപയോളം കോളേജില്‍ തിരിച്ചടച്ചാല്‍ മാത്രമേ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കുകയുള്ളൂ എന്നാണ് കോളേജ് അധികൃതര്‍ ഹരിതയെ അറിയിച്ചത്. ഇപ്പോള്‍ വിവാഹിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമാണ് ഹരിത. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ഈ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹര്യമാണ്. അദാലത്തില്‍ വെച്ച് മന്ത്രി വിഷയത്തില്‍ ഇടപെടുകയും കോളേജ് അധികൃതരെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. വളരെ അനുകൂലമായ സമീപനമാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ചു കിട്ടുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതോടെ ഹരിതയുടെ സങ്കടം സന്തോഷത്തിന് വഴിമാറി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുമ്പോള്‍ ഒരു ജോലി കണ്ടെത്തണമെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നുമാണ് ഹരിതയുടെ ആഗ്രഹം.


ഭിന്നശേഷിക്കാരിയായ അഞ്ചു വയസുകാരിക്ക് താങ്ങായി അദാലത്ത്

അഞ്ചു വയസുകാരിയായ മകള്‍ ജാന്‍സിയെ 'അമ്മ' എന്ന് വിളിച്ചു തുടങ്ങിയത് ഇപ്പോഴാണ് . ഇനിയും അവള്‍ നന്നായി സംസാരിക്കണമെന്നാണ് ബോണക്കാട് സ്വദേശിയായ ജാന്‍സിയുടെ ആഗ്രഹം. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി മലയോര മേഖലയില്‍ നിന്നും നഗര പ്രദേശങ്ങളില്‍ എത്തുന്നത് ജാന്‍സിയെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടാണ്. ചെറിയ വരുമാനത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് ഈ യാത്ര ചിലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. കെ.എസ്.ആര്‍.ടി.സി യില്‍ സൗജന്യ ബസ് യാത്ര പാസ് ലഭിക്കാനായാണ് ജാന്‍സി തന്റെ മകളെയും കൂട്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനിലിന്റെ അരികിലെത്തിയത്. ഇവര്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു മന്ത്രിയുടെ സമീപനം. പരാതിയില്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ കുട്ടിക്ക് ഹാഫ് ടിക്കറ്റാണ് ഈടാക്കുന്നത്. എന്നാല്‍ അത് പോലും താങ്ങാന്‍ ആവാത്ത അവസ്ഥയിലാണ് കുടുംബം. കുട്ടിക്കും ജാന്‍സിക്കും സൗജന്യ യാത്ര പാസ് ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിഹരിക്കുന്നതോടെ മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനാകും.


അദാലത്ത് നേട്ടമായി; ഇടിഞ്ഞാര്‍ നാലുസെന്റ് കോളനിയിലെ 16 കുടുംബങ്ങള്‍ക്ക് വസ്തു കരം ഒടുക്കി നല്‍കി

കരം ഒടുക്കാന്‍ കഴിയാതെ സര്‍ക്കാരില്‍ നിന്നുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് കഴിയുകയായിരുന്നു പെരിങ്ങമ്മല ഇടിഞ്ഞാര്‍ നാല് സെന്റ് കോളനിയിലെ ബേബിയും മോഹനനും. കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ മോഹനനും ബേബിയും ഉള്‍പ്പെടെ 16 കുടുംബങ്ങള്‍ക്കാണ് വസ്തുകരം ഒടുക്കിയ രസീത് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി. ആര്‍ അനിലും കൈമാറിയത്.

'ഞാനെന്റെ പുരയിടം വില്‍ക്കില്ല, ഇതെന്റെ കരമടച്ച രസീതാണ്, ഇങ്ങനെ പറയുമ്പോള്‍ ബേബിയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന ബേബിയുടെ കുടുംബം വര്‍ഷങ്ങളായി ഇടിഞ്ഞാര്‍ നാല് സെന്റ് കോളനിയിലാണ് താമസം.

പെരിങ്ങമ്മല സ്വദേശിയായ മോഹനനും കരമടച്ച രീതിയില്ലാത്തതിനാല്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിരുന്നത്. അദാലത്ത് വേദിയില്‍ കരംമടച്ച രസീത് ലഭിച്ചപ്പോള്‍ മോഹനനും സന്തോഷം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥര്‍ ഇടിഞ്ഞാര്‍ കോളനിയിലെത്തുകയും അടിയന്തരമായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായാണ് 16 കുടുംബങ്ങള്‍ക്ക് അദാലത്തില്‍ വസ്തുകരം നല്‍കാനായത്.

ഓട കെട്ടി നല്‍കണമെന്ന കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; ദമ്പതികള്‍ക്ക് ആശ്വാസം

വെമ്പായം സ്വദേശികളായ ശ്രീകലയുടെയും ഭര്‍ത്താവ് രാജേന്ദ്രന്റെയും 9 വര്‍ഷത്തെ നീതിക്കായുള്ള പോരാട്ടത്തിന് അവസാനമാവുകയാണ് നെടുമങ്ങാട് താലൂക്ക്തല അദാലത്തിലൂടെ. തങ്ങളുടെ വസ്തുവിലേക് അനധികൃതമായി റോഡിലെ മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് പരാതികളും ഉത്തരവുകളും പലതവണ നല്‍കിയെങ്കിലും പരിഹാരമായില്ല. 2014ലാണ് വെമ്പായം പഞ്ചായത്തില്‍ ഇതു സംബന്ധിച്ച പരാതി സമര്‍പ്പിച്ചിരുന്നത്.തുടര്‍ന്ന് 2016 ല്‍ ഓംബുഡ്‌സ്മാന്റെയും 2018ല്‍ കേരള ഹൈക്കോടതിയുടെയും നിലവില്‍ മലിന ജലം ഒഴുകുന്ന ഭാഗത്ത് ഓട കെട്ടിക്കൊടുക്കണമെന്ന അനുകൂല വിധി ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല. ഹൈക്കോടതി വിധിപ്രകാരം മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീകലയ്ക്കും രാജേന്ദ്രനും തങ്ങളുടെ വസ്തുവില്‍ ഓട നിര്‍മ്മിച്ചു നല്‍കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായെങ്കിലും, ഓട കെട്ടാന്‍ ചെലവ് അധികമാവുമെന്നും സ്വകാര്യ വസ്തുവില്‍ ആണ് നിര്‍മിക്കേണ്ടതെന്നതും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി. കരുതലും കൈത്താങ്ങും അദാലത്തിൽ ദമ്പതികള്‍ എത്തിയത് വലിയ പ്രതീക്ഷയോടെയാണ്. പരാതി നേരില്‍ കേട്ട് മനസ്സിലാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്നം പരിഹരിക്കാനും എത്രയും പെട്ടെന്ന് ഓട നിർമിക്കാനും നിർദേശം നൽകി.നീതി ഉറപ്പായ ആശ്വാസത്തിലാണ് ശ്രീകലയും രാജേന്ദ്രനും അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.