ആശ്വാസമായി ഹൃദ്യം പദ്ധതി; ഇതുവരെ പൂർത്തിയായത് 5805 ഹൃദയ ശസ്ത്രക്രിയകൾ

post

*ഈ വർഷം നടത്തിയത് 354 സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ 

*17,256 കേസുകൾ രജിസ്റ്റർ ചെയ്തു

ഹൃദ്രോഗം മൂലമുള്ള ശിശുമരണനിരക്ക് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് രൂപം നൽകിയ ഹൃദ്യം പദ്ധതിയിലൂടെ 5,805 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ഈ വർഷം മാത്രം 354 സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിവഴി നടത്തി. ഒരു വയസിന് താഴെയുള്ള 109 കുഞ്ഞുങ്ങളും ഇതിലുണ്ട്.

പദ്ധതിയിൽ 17,256 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 10,818 പേർ ഒരു വയസിന് താഴെയുള്ളവരാണ്. ഈ വർഷം മാത്രം 1661 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ മാസം 112 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 60 ശസ്ത്രക്രിയകൾ ഉടൻ നടക്കും.

കുട്ടികളിലെ ഹൃദ്രോഗത്തിന് അതിവേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഹൃദ്യം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളേയും പരിശോധനയ്ക് വിധേയമാക്കും. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ, ECHO ഉൾപ്പെടെയുളള പരിശോധന വഴി രോഗ നിർണയം നടത്തും.

ആരോഗ്യപ്രവർത്തകരുടെ ഗൃഹസന്ദർശന വേളയിൽ കുട്ടികളെ പരിശോധിക്കുന്നതിലൂടെയും, അംഗണവാടികളിലും, സ്‌കൂളുകളിലും നടത്തപ്പെടുന്ന ആർ.ബി.എസ്.കെ സ്‌ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുളള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു. രോഗനിർണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയ്യാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കുകയും ചെയ്യും.

ആർ.ബി.എസ്.കെ പദ്ധതിയിലൂടെ ആറ് ആഴ്ച്ച മുതൽ മൂന്ന് വയസുവരെ പ്രായമുള്ള 3,59,790 കുട്ടികളെ പരിശോധിച്ചു. ഇതിൽ 1,81,943 ആൺ കുട്ടികളും 1,77,847 പെൺ കുട്ടികളും ഉൾപ്പെടുന്നു. മൂന്ന് മുതൽ ആറ് വയസുവരെ പ്രായമുള്ള 2,24,211 കുട്ടികളേയും ആറ് മുതൽ 18 വയസുവരെ പ്രായമുള്ള 10,52,136 കുട്ടികളേയും ആർ.ബി.എസ്.കെ പദ്ധതിയിലൂടെ പരിശോധനയ്ക് വിധേയരാക്കി.

സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ വെന്റിലേറ്റർ സഹായത്തോടെ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂർത്തിയാക്കുന്നുണ്ട്. എട്ട് സർക്കാർ, സ്വകാര്യ ആശുപത്രികൾ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുണ്ട്. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി ആസ്റ്റർ മെഡിസിറ്റി, കൊച്ചി ലിസി ഹോസ്പിറ്റൽ, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്, കോഴിക്കോട് ആസ്റ്റർ മിംമ്‌സ്, തിരുവനന്തപുരം ശ്രീ അവിട്ടം തിരുന്നാൾ ഹോസ്പിറ്റൽ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് എന്നിവയാണ് അവ.

അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കും. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ഐ.സി.യു. ആംബുലൻസ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു.

ഹൃദ്യം പദ്ധതിയിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് തുടർ ചികിത്സയും സാധ്യമാക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനുമായി തുടർപിന്തുണാ പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ആർ.ബി.എസ്.കെ നഴ്‌സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടു കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങൾക്ക് ചികിത്സ ഉറപ്പാക്കാനും തുടർ നടപടികൾ ഏകീകരിക്കാനും ദേശീയ ആരോഗ്യ ദൗത്യവും ഐ.റ്റി വിഭാഗവും സ്റ്റേറ്റ് ആർ.ബി.എസ്.കെ വിഭാഗവും സംയുക്തമായി ഹൃദ്യം വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുണ്ട്.

രോഗമുളള കുട്ടികളെ കണ്ടെത്തി വെബ്‌സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്യുകയും അവരുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യും.

നവജാത ശിശുക്കൾ മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിയ്ക്ക് രൂപം നല്കിയിട്ടുള്ളത്. ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ പ്രസവം മുതലുള്ള തുടർ ചികിത്സകൾ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 237 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിലാണ് നടത്തുന്നത്.