തൃത്താല മണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ കെട്ടിടസമുച്ചയം
പാലക്കാട് തൃത്താല മണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് കൂടുതൽ പശ്ചാത്തല സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടസമുച്ചയം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. മന്ത്രി രാജേഷ് ചടങ്ങിൽ പങ്കെടുത്തു. 8.26 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിൽ ലൈബ്രറി ബ്ലോക്ക്, ലാബ്, കാന്റീൻ, സയൻസ് ബ്ലോക്ക് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
18,740 ചതുരശ്ര അടിയിലെ ലൈബ്രറി കം കമ്പ്യൂട്ടർ സെന്റർ, 7879 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ലാബ് ഉൾപ്പെടെയുള്ള സയൻസ് ബ്ലോക്ക്, 4511 ചതുരശ്ര അടിയിലെ കാന്റീൻ കെട്ടിടം തുടങ്ങി ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളാണ് നാടിന് സമർപ്പിച്ചത്. തൃത്താല കോളേജില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചതായി മന്ത്രി എംബി രാജേഷ് പറഞ്ഞു. തൃത്താലയില്‍ പുതിയ നഴ്സിംഗ് കോളേജ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. തൃത്താല പഞ്ചായത്തില്‍ അതിനാവശ്യമായിട്ടുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് അറിയിച്ചു.