കാർഷിക ഉന്നമനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്

post

കോഴിക്കോട് ജില്ലയുടെ കാർഷിക മേഖലയുടെ വളർച്ചക്കായി കർഷക ക്ഷേമ പ്രവർത്തനങ്ങളുമായി കൃഷി വകുപ്പ്. കാർഷിക വികസന - കർഷക ക്ഷേമ വകുപ്പിന് കീഴിൽ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. വിസ്തൃതി വിപുലീകരണം, സുസ്ഥിരകൃഷി സഹായം, കൂട്ടുകൃഷി പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, നെൽവയൽ ഉടമകൾക്ക് റോയൽറ്റി എന്നിവയിലൂടെ നെൽകൃഷി വികസനം സാധ്യമാക്കി. 82.26 ലക്ഷം രൂപയാണ് ആകെ ലഭിച്ച ധനസഹായം. ഈ തുക പൂർണ്ണമായും ചെലവഴിച്ചു.

52 ഹെക്ടറിൽ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശ്നില കൃഷി ചെയ്തു. തലക്കുളത്തൂർ പഞ്ചായത്തിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് 11.26 ലക്ഷം രൂപയാണ് ചെലവഴിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി കതിരണി, തരിശു രഹിത ജില്ല, കൈപ്പാട് കൃഷി വികസന പദ്ധതി എന്നിവ പ്രകാരം അത്തോളി, വേളം, മേപ്പയൂർ, തിക്കോടി, കീഴരിയൂർ പഞ്ചായത്തുകളിലായി 143 ഹെക്ടർ തരിശ് നിലം കൃഷി യോഗ്യമാക്കി 47 ഹെക്ടറിൽ ഈ വർഷം കൃഷിയിറക്കുകയും ചെയ്തു. കതിരണി പദ്ധതിയിൽ 56.06 ലക്ഷം രൂപയും കൈപ്പാട് പദ്ധതിക്ക് 22.40 ലക്ഷം രൂപയും ചെലവഴിച്ചു ഏകദേശം 500ൽ അധികം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്.

മുഴുവൻ തരിശ് നിലവും കണ്ടെത്തി കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെ സുഭിക്ഷ കേരളം പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പിലാക്കി വരുന്നു. യുവാക്കളെയും മടങ്ങിവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്നതാണ് സുഭിക്ഷ കേരളം പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ പദ്ധതികളായ നെൽകൃഷി വികസനം, കിഴങ്ങു വർഗ്ഗ വികസനം, പഴ വർഗ്ഗ വികസനം, ജനകീയാസൂത്രണ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നു.

സംസ്ഥാന പദ്ധതി പ്രകാരം 120 ഹെക്ടറും ജനകീയാസൂത്രണ പദ്ധതി പ്രകാരം 553.07 ഹെക്ടറിലും സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കി. പദ്ധതി പ്രകാരം 60.6 ഹെക്ടറിൽ നെൽകൃഷിയും 108.05 ഹെക്ടറിൽ പച്ചക്കറി കൃഷിയും 111.9 ഹെക്ടറിൽ പഴവർഗ്ഗവും 22.5 ഹെക്ടറിൽ പയർ കൃഷിയും 261.8 ഹെക്ടറിൽ കിഴങ്ങു വർഗ്ഗവും 4.7 ഹെക്ടറിൽ ചെറു ധാന്യങ്ങൾ, 15 മറ്റു വിളകൾ എന്നിവയാണ് കൃഷി ചെയ്തത്. രണ്ടായിരത്തിലധികം കർഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിയത്.

കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ രണ്ടാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ കേരളത്തിൽ ഒന്നാകെ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഒരു തുടർ പദ്ധതിയായ ആരംഭിക്കുന്ന ഈ പദ്ധതിയിൽ കൂടി കേരളത്തിലെ ഉൽപാദന മേഖലയിലും സംഭരണ വിപണന കാർഷിക സഹായ മേഖലയിലും മൂല്യ വർദ്ധനവ് മേഖലകളിലുമായി കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ച് കേരളത്തിലെ കാർഷിക മേഖല ശക്തമാക്കി കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പച്ചക്കറി വികസന പദ്ധതി ജില്ലയിൽ വിജയകരമായി നടപ്പിലാക്കാൻ വകുപ്പിന് സാധിച്ചു. പച്ചക്കറി വിത്തു പാക്കറ്റുകളും പച്ചക്കറി തൈകളും കൃഷിഭവൻ മുഖേന സൗജന്യമായി വിതരണം ചെയ്തതിനാൽ ഭൂരിഭാഗം ജനങ്ങളെയും പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചു. പദ്ധതിയുടെ ഭാഗമായി 479.05 ലക്ഷം രൂപ ചെലവഴിച്ചു. 4,785 ഹെക്ടർ സ്ഥലത്താണ് പച്ചക്കറി കൃഷി ചെയ്യാൻ സാധിച്ചത് 65,626 മെട്രോ പച്ചക്കറി ഉൽപാദനവും സാധ്യമായി. ഏകദേശം 14.06 ലക്ഷം പേർ പച്ചക്കറി വികസന പദ്ധതിയുടെ ഗുണഭോക്താക്കളായി

ജില്ലയിൽ ആകെ 25 കേര ഗ്രാമങ്ങൾ നടപ്പിലാക്കി. ഒന്നാംവർഷം 100 ഹെക്ടർ വീതമുള്ള ഒൻപത് എണ്ണമാണ് നടപ്പിലാക്കിയത്. ജില്ലയിലെ വടകര വിത്ത് ശേഖരണ യൂണിറ്റ് മുഖേന 2021- 22 വർഷത്തിൽ 10,10,274 ഡബ്ല്യൂ സി ടി ഇനത്തിൽപ്പെട്ട വിത്ത് തേങ്ങകളും 541 കുള്ളൻ വിത്ത് തേങ്ങകളും ഉൾപ്പെടെ 10,10,815 എണ്ണം 1,246 കർഷകരിൽ നിന്നും സംഭരിച്ചു. കൂത്താളി ജില്ലാ കൃഷിത്തോട്ടം, പുതുപ്പാടി വിത്ത് ഉത്പാദന കേന്ദ്രം, പേരാമ്പ്ര വിത്ത് ഉൽപാദന കേന്ദ്രം, തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രം എന്നീ ഫാമുകൾ വഴി കേരള ഗ്രോ ബ്രാൻഡിൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ -കൊമേഴ്സ് സൈറ്റുകളിലൂടെ കർഷകർക്ക് ലഭ്യമാക്കി.

ഒരുകോടി ഫല വൃക്ഷത്തൈ വിതരണം പദ്ധതി പ്രകാരം 9,20,858 ഫലവൃക്ഷത്തൈകൾ പദ്ധതിയിലൂടെ വിതരണം ചെയ്തു 84,541 ഗുണഭോക്താക്കൾക്കാണ് തൈകൾ വിതരണം ചെയ്തത്. കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതിക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളുടെ വിസ്തൃതി വ്യാപന പ്രോത്സാഹന പദ്ധതി ലക്ഷ്യമാക്കി 70 ഹെക്ടർ നടപ്പിലാക്കിയതിൽ 16.99 ലക്ഷം രൂപയാണ് അനുവദിച്ചത്.

വിള ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി കീടരോഗ ആക്രമണം മുൻകൂട്ടി അറിയുന്ന സംവിധാനം, ഉപദേശ സംവിധാനം, പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകളുടെ ശാക്തീകരണം, ഐ. ഐ.ഐ. റ്റി. എം.കെ മുഖേനയുള്ള ഐ. സി. റ്റി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനം, പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്റെ വികസനം വന്യജീവി ആക്രമണം തടയുക, റോഡന്റെ കൺട്രോൾ എന്നിവ നടപ്പിലാക്കി.

ജൈവരീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓർഗാനിക് ഫാമിംഗ്. ജില്ലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കി വരുന്നു. 2021- 22 വർഷത്തിൽ 70 ഹെക്ടർ സ്ഥലത്തും 2022-23 വർഷത്തിൽ 360 ഹെക്ടർ ജൈവകൃഷി നടപ്പിലാക്കാൻ വകുപ്പിന് സാധിച്ചു.