പാലക്കാട് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്തു; വിതരണം ചെയ്തത് 17,845 പട്ടയങ്ങള്‍
കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ സംസ്ഥാനത്ത് വിതരണം ചെയ്തത് രണ്ടേ മുക്കാല്‍ ലക്ഷം പട്ടയങ്ങള്‍: മുഖ്യമന്ത്രി
ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം കോട്ടമൈതാനത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് പാലക്കാടാണ്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.
കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ രണ്ടേ മുക്കാല്‍ ലക്ഷത്തോളം പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തനെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം മാത്രം നാല്‍പ്പതിനായിരത്തിലധികം പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. ശേഷിക്കുന്ന ഭൂരഹിതര്‍ക്കുകൂടി പട്ടയങ്ങള്‍ ലഭ്യമാക്കി ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയവിതരണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഡാഷ്ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ പ്രത്യേകം പരിശോധിച്ച് വെബ്പോര്‍ട്ടലില്‍ രേഖപ്പെടുത്തി പരിഹാരം കാണും. ഇത്തരത്തില്‍ സമയബന്ധിതമായി പട്ടയം ലഭ്യമാക്കും. ഈ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഒരു പട്ടയമിഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുനാമി പുനഃരധിവാസത്തിന്റെ ഭാഗമായി നല്‍കിയിട്ടുള്ള വീട്, ഫ്ളാറ്റ്, മത്സ്യത്തൊഴിലാളി കോളനികള്‍ തുടങ്ങിയവയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. ലാന്റ് ട്രിബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിനും ഭൂമി ലഭ്യമാക്കുന്നതിനുമുള്ള പ്രത്യേക പരിപാടികളും ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിവരികയാണ്. എല്ലാ ഭൂമിക്കും രേഖ ലഭ്യമാക്കുന്നതിനാണ് ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. അതിനായി 838 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഡിജിറ്റല്‍ റീ-സര്‍വ്വേ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഭൂമിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഡിജിറ്റലായി തന്നെ നമുക്ക് ലഭ്യമാകും. ഡിജിറ്റല്‍ റീ-സര്‍വ്വേയ്ക്കൊപ്പം നടപ്പാക്കുന്ന യുണീക് തണ്ടപ്പേര്‍ പദ്ധതി, ഭൂരേഖകള്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വില്ലേജുതല ജനകീയസമിതി എന്നിവയെല്ലാം എല്ലാ ഭൂമിക്കും രേഖ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സേവനങ്ങള്‍ സ്മാര്‍ട്ടാക്കി സിവില്‍ സര്‍വീസിനെ കൂടുതല്‍ ജനോന്മുഖമാക്കി മാറ്റിത്തീര്‍ക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി മാറുന്നത്. സാങ്കേതികവിദ്യാ മേഖലയില്‍ ലോകത്തുണ്ടാകുന്ന വളര്‍ച്ചയ്ക്കനുസരിച്ച് സമസ്ത മേഖലകളിലും വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി പൊതുമേഖലയെയും സര്‍ക്കാര്‍ സേവനങ്ങളെയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇ-ഗവേര്‍ണന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇത് ഫലം കാണുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡുകളുടെ ഏഴാം പതിപ്പില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് സംരംഭങ്ങള്‍ വിജയികളായി എന്ന വസ്തുത തെളിയിക്കുന്നത്. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം, കോട്ടയം ജില്ലയുടെ വെബ്സൈറ്റ്, ക്ഷീരശ്രീ പോര്‍ട്ടല്‍ എന്നിവയാണ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. ഇ-ഗവേണന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തി സര്‍വോന്മുഖമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ തൊള്ളായിരത്തോളം സേവനങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പോര്‍ട്ടലിലൂടെ കഴിയും. പോര്‍ട്ടലിനു പുറമെ എം-സേവനം എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിച്ചു കഴിഞ്ഞു. ആപ്പിലൂടെ എഴുന്നൂറോളം സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. വൈകാതെ തന്നെ കൂടുതല്‍ സേവനങ്ങളെ ഇവയുടെ രണ്ടിന്റെയും ഭാഗമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഇ-ഓഫീസ്, ഇ-ഡിസ്ട്രിക്റ്റ് എന്നീ പദ്ധതികളുടെ ഗുണഫലങ്ങള്‍ ഓരോ വില്ലേജ് ഓഫീസിലും ലഭ്യമാക്കിക്കൊണ്ടാണ് അവയെ സ്മാര്‍ട്ടാക്കുന്നത്. ജില്ലാതലത്തിലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിനുള്ളതാണ് ഇ-ഓഫീസ് സംവിധാനം. 14 കലക്ടറേറ്റുകളില്‍ 120 ലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇ-ഓഫീസ് നടപ്പാക്കി കഴിഞ്ഞു. കൂടാതെ പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫീസുകളിലും 408 വില്ലേജ് ഓഫീസുകളിലും 24 ആര്‍.ഡി.ഒകളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ നടപ്പാക്കുമ്പോള്‍ ഇതിനു പിന്തുണ നല്‍കാനാവും വിധമുള്ള അടിസ്ഥാനസൗകര്യ വികസനവും നമ്മുടെ നാട്ടിലുണ്ടാവണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഈ സേവനങ്ങള്‍ പ്രാപ്യമാകണമെന്നുണ്ടെങ്കില്‍ സാര്‍വ്വത്രികമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി ആവിഷ്‌ക്കരിക്കപ്പെട്ട ബൃഹദ് പദ്ധതിയാണ് കെ-ഫോണ്‍. കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കുറഞ്ഞ ചിലവിലോ സൗജന്യമായോ ഹൈ-സ്പീഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മുപ്പതിനായിരത്തോളം വരുന്ന സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമാകും. ഇതിനോടകം തന്നെ പല സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. പബ്ലിക് വൈ-ഫൈ സ്പോട്ടുകളും സ്ഥാപിക്കുകയാണ്. 2,023 സൗജന്യ പബ്ലിക് വൈ-ഫൈ സ്പോട്ടുകളാണ് നിലവില്‍ കേരളത്തിലെ പൊതു ഇടങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ളത്. 2,000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിനായി കേരള സ്പെഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ നിലവില്‍ വരുത്തിയിരിക്കുകയാണ്. വിശ്വസനീയവും അവലംബിക്കാവുന്നതുമായ ഭൂവിവരങ്ങള്‍ പരിസ്ഥിതി സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയും. പ്രത്യേകിച്ച് റവന്യൂ വകുപ്പിന് ഏറെ ഉപകാരപ്പെടുന്ന ഒന്നാകും ഇത്. നൂതന മാര്‍ഗ്ഗങ്ങളിലൂടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനായാണ് എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയും റവന്യൂ വകുപ്പിന്റെ ഇ-സാക്ഷരതാ പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നവയാണ്. അവ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതോടെ എല്ലാവര്‍ക്കും തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ പൊതുസേവനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രാപ്തിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ച നൂറാം സ്മാര്‍ട്ട് വില്ലേജ് ഓഫീസായ പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസ് പൂര്‍ത്തീകരണ പ്രഖ്യാപനവും ശിലാഫലകം അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. അഗളി മേലേ ഊരിലെ നഞ്ചി മണിവേലന്‍, നഞ്ചി മണികണ്ഠന്‍, പുത്തൂരിലെ കക്കി പെരിയകാളി, തരൂര്‍-1 ലെ പഴനിമല എന്നിവര്‍ക്ക് വനാവകാശ രേഖയും മൂകയും ബധിരയുമായ പുതുശ്ശേരി എടപ്പറമ്പിലെ രതി, ഒഴലപതി വില്ലേജിലെ ട്രാന്‍സ്ജന്‍ഡര്‍ ചെമ്പകം, സതീഷ് എന്നിവര്‍ക്ക് പട്ടയവും മുഖ്യമന്ത്രി കൈമാറി.
പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം.എല്‍.എമാരായ എ. പ്രഭാകരന്‍, അഡ്വ. കെ. ശാന്തകുമാരി, കെ. ബാബു, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. പ്രേംകുമാര്‍, കെ.ഡി പ്രസേനന്‍, പി.പി. സുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.