തൊഴിലുറപ്പ് പ്രവൃത്തിസ്ഥലങ്ങളില്‍ മുന്‍കരുതല്‍

post

കോട്ടയം: കോവിഡ്  19 ബാധ പ്രതിരോധിക്കുന്നതിനായി ജില്ലയിലെ തൊഴിലുറപ്പ് പ്രവൃത്തി സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജോലി തുടങ്ങുന്നതിനു മുന്‍പും ശേഷവും ഇടവേളകളിലും തൊഴിലാളികള്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. വീട്ടില്‍ തിരികെ എത്തിയശേഷവും ഇതേ രീതിയില്‍ കൈകള്‍ ശുചീകരിക്കണം. തൊഴിലിടങ്ങളില്‍ സോപ്പും വെള്ളവും കരുതേണ്ടതാണ്. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കയ്യുറകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

വിയര്‍പ്പ് തുടയ്ക്കാന്‍ ഓരോരുത്തരും തോര്‍ത്ത് കരുതണം. ദിവസവും കഴുകി വൃത്തിയാക്കിയ തോര്‍ത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണം.

തൊഴില്‍ സ്ഥലത്തെ അനൗപചാരികമായ ഒത്തുകൂടല്‍ ഒഴിവാക്കണം. പനി,ചുമ, ശ്വാസതടസം എന്നിവയുള്ളവര്‍ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ വൈദ്യസഹായം തേടണം. കൊറോണ വൈറസ് ബാധയുള്ള വ്യക്തികളുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ തൊഴിലിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.