പ്രവാസി മലയാളികളുടെ റവന്യൂ-സർവെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടൽ

post

പ്രവാസി മലയാളികളുടെ റവന്യൂ-സർവെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യു വകുപ്പിന്റെ പ്രവാസി മിത്രം പോർട്ടലും പ്രവാസി സെല്ലും പ്രവർത്തനസജ്ജമായി. പ്രവാസികൾക്ക് റവന്യു സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാനും അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയാനും പ്രവാസി മിത്രം ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാം. വസ്തു സംബന്ധമായ പോക്കുവരവ്, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നൽകിയ അപേക്ഷകളുടെ തുടർ നടപടികളും ഇതുവഴി അറിയാം.

പോർട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും പരിശോധിക്കാൻ കളക്ടറേറ്റുകളിൽ ഡെപ്യൂട്ടി കളക്ടറുടെയും ലാൻഡ് റവന്യു കമ്മീഷണറുടെ ഓഫീസിൽ അസിസ്റ്റന്റ് കമ്മീഷണറുടെയും നേതൃത്വത്തിലാണ് പ്രവാസി സെൽ പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

http://pravasimithram.kerala.gov.in ലെ ക്രിയേറ്റ് ആൻ അക്കൗണ്ട് ഓപ്ഷൻ ഉപയോഗിച്ച് യൂസർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ഇ-മെയിൽ ഐഡിയിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. റവന്യു/ സർവ്വേ സംബന്ധമായ പരാതി ഓപ്ഷനുകളിൽ അനുയോജ്യമായത് തെരഞ്ഞെടുക്കുക. മുൻപ് നൽകിയ പരാതി സംബന്ധിച്ച വിവരങ്ങൾ ( പരാതി നൽകിയ ഓഫീസ്, ഫയൽ നമ്പർ, പരാതി വിഷയം) നൽകുക. പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാൻ ഓപ്ഷനുണ്ട്. ഒന്നിൽ കൂടുതൽ രേഖകളുണ്ടെങ്കിൽ ഒറ്റ ഫയലാക്കിയതിനു ശേഷം പിഡിഎഫ് ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക. ഫയൽ സൈസ് ഒരു എംബിയിൽ കവിയരുത്. പരാതി സമർപ്പിച്ചതിന് ശേഷം പരാതിയുടെ സ്റ്റാറ്റസ് പ്രവാസി മിത്രം പോർട്ടലിലൂടെ പരിശോധിക്കാം.