കണ്ണൂർ പയ്യാമ്പലത്തെ കൈത്തറി മ്യൂസിയം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു
കണ്ണൂർ പയ്യാമ്പലം ഹാൻവീവ് ക്യാമ്പസിലെ പൈതൃക മന്ദിരത്തിൽ ഒരുക്കിയ കൈത്തറി മ്യൂസിയം 'ഓടം' തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ഒരു സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും സാമൂഹ്യപരവുമായ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ് കൈത്തറി മ്യൂസിയം പറയുന്നതെന്ന് മന്ത്രി പറഞ്ഞു. ചരിത്രം നശിച്ച് തീരാനുള്ളതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോയ കാലത്തിന്റെ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റേയും കണ്ണാടിയാണ് മ്യൂസിയങ്ങൾ. ഒരു നാടിനെക്കുറിച്ചറിയണമെങ്കിൽ അവിടുത്തെ മ്യൂസിയങ്ങൾ സന്ദർശിച്ചാൽ മതി. സംസ്ഥാന സർക്കാർ മ്യൂസിയങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി കേരളത്തിൽ മ്യൂസിയങ്ങൾ വളർന്ന് വരുന്നു. നിരവധി മ്യൂസിയങ്ങൾ കണ്ണൂരിൽ പണിപ്പുരയിലാണ്. ഇവ യാഥാർഥ്യമാവുന്നതോടെ കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു.
ഹാൻവീവ് ആസ്ഥാനമായിരുന്ന പൈതൃക കെട്ടിടത്തിൽ പത്ത് ഗാലറികളിലായി 2.06 കോടി രൂപ ചെലവിലാണ് കൈത്തറി മ്യൂസിയം ഒരുക്കിയിട്ടുള്ളത്. കൈത്തറിയുടെ ഉത്ഭവം, വികാസം, പരിണാമം, ആധുനികവത്കരണം, ഇന്ത്യൻ വസ്ത്ര നിർമ്മിതി, കേരളീയ പാരമ്പര്യം, തറികളുടെ വികാസം, വിശദാംശങ്ങൾ, ദേശീയ പ്രസ്ഥാനവും കൈത്തറിയും, കണ്ണൂരിലെ കൈത്തറി പാരമ്പര്യം, നൂതന കൈത്തറി വ്യവസായം എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകിയാണ് മ്യൂസിയം സജ്ജീകരിച്ചത്.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ബ്രോഷർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ യ്ക്ക് നൽകി പ്രകാശനം ചെയ്തു. കേരളം ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വാർഡ് കൗൺസിലർ ബി ജയസൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.