എന്റെ കേരളം കാഴ്ചകൾക്ക് കൊടിയിറക്കം : വികസന കുതിപ്പിൽ തൃശൂർ ജില്ല

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് ഉജ്ജ്വല സമാപനം. തേക്കിന്‍കാട് മൈതാനം - വിദ്യാര്‍ത്ഥി കോര്‍ണറില്‍ കഴിഞ്ഞ എട്ട് ദിവസമായി നടന്ന വികസനക്കാഴ്ചകളുടെ മാമാങ്കത്തിനാണ് സമാപനമായത്. സമാപന സമ്മേളനം പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എൻറെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൻറെ വളർച്ചക്ക് ഉതകുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയ മേള തൃശ്ശൂരിലെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആഘോഷം മാത്രമായിട്ടല്ല കാതലായ പ്രശ്നങ്ങളിൽ മാറ്റം സൃഷ്ടിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. വനസൗഹൃദ സദസ്സ്, തീരസദസ്സ്, താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ എന്നിവയെല്ലാം ഈ ശ്രമങ്ങളുടെ നേർക്കാഴ്ചകളാണ്. ഇവയിലൂടെ 48 വർഷത്തിനിടെ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്നങ്ങൾക്ക് വരെ പരിഹാരമുണ്ടാക്കാൻ കഴിഞ്ഞത് ശ്രദ്ധാവഹമാണ്. പരാതി പരിഹാര കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ വിശാലമായ വീക്ഷണ കോണുകളോടെ കേരള ജനത ഒത്തൊരുമിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ എന്നും ജാഗ്രത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിൻറെ ഏഴു വർഷങ്ങൾ മനുഷ്യത്വ മുഖമുള്ള നാൾവഴികൾ ആയിരുന്നുവെന്ന് സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ദിനരാത്രങ്ങങ്ങൾക്കാണ് സാംസ്കാരിക തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വികസന മേഖലയിൽ അതിശയാവകമായ കുതിച്ചുചാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നവ കേരളത്തിൻറെ ശില്പികൾ ആവണം യുവതയെന്നും മന്ത്രി നിർദ്ദേശിച്ചു. എന്റെ കേരളം മികച്ച കവറേജിനുള്ള മാധ്യമ പുരസ്കാരം, മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരം എന്നിവയും ചടങ്ങിൽ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.

കേരള ജനതയ്ക്കൊപ്പം എന്നും എപ്പോഴും സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം നൽകി കൊണ്ടാണ് എൻറെ കേരളം മെഗാ പ്രദർശന വിപണനമേളക്ക് കൊടിയിറങ്ങിയത്. ആദ്യ ദിനം മുതൽ വൻ ജനകീയ പങ്കാളിത്തമാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയെ വ്യത്യസ്തമാക്കിയത്. കറങ്ങും ക്യാമറയിൽ 360 ഡിഗ്രി വീഡിയോയ്ക്ക് പോസ് ചെയ്ത് ജില്ലയിലെ മന്ത്രിമാർ മുതൽ കൊച്ചുകുട്ടികൾ വരെ താരമായി. ഗ്രാമീണ സൗന്ദര്യവും ഏലത്തോട്ടവും സുരങ്കയും ഉൾപ്പെടെ ഒട്ടനവധി കാഴ്ചകളോടെയാണ് ടൂറിസം വകുപ്പ് കാണികളെ വരവേറ്റത്. മെഹന്തിയും പാട്ടും ചെസ്സും ലൈവ് ചിത്രംവരയുമായി ആക്ടിവിറ്റി കോർണറുകൾ മേളയ്ക്ക് ആരവം കൂട്ടി. കുട്ടികൾക്കായുള്ള കളിമുറ്റം, വരയും കളിയും കഥ പറച്ചിലുമായി നിറഞ്ഞു.


നൂറോളം കൊമേഷ്സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ ഇരുന്നുറിലേറെ സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിയത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ ഭാഗമായി.

അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിച്ച സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ നടന്നു. മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്കോര്‍ട്ടും ഒരുങ്ങിയിരുന്നു.


മേളയുടെ എല്ലാ ദിവസങ്ങളിലും വൈകിട്ട് നടന്ന സംഗീത, കലാപരിപാടികള്‍ പൂരനഗരിയെ ആവേശത്തിലാഴ്ത്തി. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങളാണ് എന്റെ കേരളം അരങ്ങിലെത്തിയത്.