ആലത്തൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു
പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം ജനങ്ങളെ തേടി അവരിലേക്ക് ഇറങ്ങി ചെല്ലുകയാണ് താലൂക്ക്തല പരാതി പരിഹാര അദാലത്തുകളിലൂടെ എന്ന് മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ പരിശോധിച്ച് പരിഹാരം കാണുകയും ഇത് അവരെ നേരിട്ട് അറിയിക്കുകയും ചെയ്യുന്നതോടൊപ്പം നേരിട്ടും ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ച് നിയമപരമായും സമയബന്ധിതമായും തീര്‍പ്പാക്കുകയും ചെയ്യും. ഇത്തരത്തില്‍ നിയമപരമായും സാങ്കേതികമായും കുരുക്കുകളില്‍ ഉള്‍പ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ പരിശോധിച്ച് കാലതാമസമില്ലാതെ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 31 പേരുടെ റേഷന്‍ കാര്‍ഡുകള്‍ മന്ത്രി കൈമാറി.
പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. പി.പി സുമോദ് എം.എല്‍.എ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കാഴ്ച്ച നഷ്ടപ്പെട്ട സുരേന്ദ്രൻ ഭൂമി രേഖക്കായി നടത്തിയ പോരാട്ടത്തിന് പരിഹാരം
തൊഴിലിനിടെ ആണി തറച്ച് കാഴ്ച നഷ്ടപ്പെട്ട സുരേന്ദ്രന്‍ ഭൂമിയുടെ രേഖക്കായി നടത്തിയ പോരാട്ടത്തിന് ആലത്തൂര്‍ താലൂക്ക് പരാതിഹരിഹാര അദാലത്തില്‍ പരിഹാരമായി. കാവശ്ശേരി പാലത്തൊടി സ്വദേശിയായ സുരേന്ദ്രനും കുടുംബവും കാവശ്ശേരി പഞ്ചായത്തില്‍ ലക്ഷംവീട്ടില്‍ താമസിച്ചു വരികയായിരുന്നു. താമസിച്ച വീടിന് കാലക്ഷയം സംഭവിക്കുകയും വീട് നശിക്കുകയും ചെയ്തു.ഈ ഭൂമിക്ക് പട്ടയമുണ്ട് എന്നാല്‍ ആധാരം ഇല്ലാത്തതിനാല്‍ വീടിനോ സ്ഥലത്തിനോ അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയായി. അതിനിടയിലാണ് കെട്ടു പണിക്കാരനായ സുരേന്ദ്രന് പണിക്കിടയില്‍ സഹപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും ആണിതെറിച്ച് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുന്നത്. 2017 ന് ശേഷം പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട സുരേന്ദന്‍ ഏറെ കഷ്ടപാടിലായിരുന്നു. ഭൂമിക്ക് രേഖയില്ലാത്തതിനാല്‍ താമസിക്കാന്‍ വീടും മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയായി. ലക്ഷം വീട് ആയതിനാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ധാരാളമുള്ളതായാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിര്‍ണയിച്ച് ആധാരം ലഭ്യമാക്കാന്‍ നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അതിനിടയില്‍ രണ്ടു പെണ്‍മക്കളെയും വിവാഹം കഴിച്ച് അയച്ചു. ഭാര്യക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത അവസ്ഥയായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഉണ്ടാക്കിയ ഷെഡിലാണ് നിലവില്‍ താമസിക്കുന്നത്. 10 വര്‍ഷത്തോളമായി രേഖക്കായി നടക്കുന്ന സുരേന്ദ്രന് അദാലത്തില്‍ നല്‍കിയ പരാതിയിലൂടെ കാവശ്ശേരി ഒന്ന് വില്ലേജിലെ സുരേന്ദ്രന്റെ നാല് സെന്റ് ഭൂമി അളന്ന് തിട്ടപെടുത്തി നല്‍കുന്നതിന് തീരുമാനമായി. അതിന്റെ രേഖ മന്ത്രി എം.ബി.രാജേഷ് സുരേന്ദ്രന് നേരിട്ട് അദാലത്തില്‍ കൈമാറി. ബ്ലൈന്‍ഡ് അസോസിയേഷന്റെ സഹായവും പെന്‍ഷനും കൊണ്ട് ജീവിതം മുന്നാട്ട് പോവുന്ന സുരേന്ദ്രന് വലിയ ആശ്വാസമായിരിക്കുകയാണ് അദാലത്ത് .
മുച്ചക്ര വാഹനത്തിന് നടപടിയായി അദാലത്തില്‍ രാജിതയ്ക്ക് ആശ്വാസം
വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് മുച്ചക്ര വാഹനം വേണമെന്ന ആവശ്യവുമായി മന്ത്രി എം.ബി രാജേഷിനെ കാണാനെത്തിയ രാജിത വിന്‍സെന്റിന് ആശ്വാസമായി ആലത്തൂര്‍ താലൂക്ക് തല അദാലത്ത്. ഭര്‍ത്താവും ഏഴ്, മൂന്ന് ക്ലാസുകളില്‍ പഠിയ്ക്കുന്ന മക്കളുമടങ്ങുന്നതാണ് കാവശ്ശേരി തോണിപ്പാടം വാവുള്യാപുരത്തെ രാജിതയുടെ കുടുംബം. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ശേഷിയില്ലാത്ത രാജിതയുടെ ഭര്‍ത്താവിനും ഒരു കാലിന് പോളിയോ ബാധിച്ച ആളാണ്. ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് കുടലിന് ക്രോണ്‌സ് രോഗം ബാധിച്ച് ജോലിയ്ക്ക് പോകാനാവാത്ത അവസ്ഥയിലതോടെ കുടുംബത്തിന് വരുമാന മാര്‍ഗം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് രാജിത ഒരു വാഹനമുണ്ടെങ്കില്‍ ജോലി കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ അദാലത്തിലെത്തിയത്. പരാതി നേരിട്ട് ബോധ്യപ്പെട്ട മന്ത്രി എം.ബി രാജേഷ് കെ.ഡി പ്രസേനന്‍ എം.എല്‍.എ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു എന്നിവരുമായി സംസാരിക്കുകയും ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അപേക്ഷ 'പരിഗണിച്ച് അടുത്ത പദ്ധതി റിവിഷനില്‍ ഉള്‍പ്പെടുത്തി വാഹനം ലഭ്യമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഇതോടെ ഉടന്‍ വാഹനം ലഭ്യമായി ജോലിയ്ക്ക് പോകാനാകുമെന്ന പ്രതീക്ഷയിലാണ് രാജിത മടങ്ങിയത്.
ശകുന്തള അമ്മയ്ക്ക് മുന്‍ഗണനാ കാര്‍ഡ് ലഭ്യമാക്കി പരാതി പരിഹാര അദാലത്ത്
പെരിങ്ങോട്ടുകുറിശ്ശി അഗ്രഹാരത്തില്‍ നിന്നെത്തിയ ശകുന്തള അമ്മ മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് തരം മാറ്റി കിട്ടിയതിന്റെ സന്തോഷത്തിലാണ് മടങ്ങിയത്. ഭര്‍ത്താവും മകനും മകളും മരണപ്പെട്ട കുടുംബത്തില്‍ നിരാലംബയുമായി കഴിയുന്ന ശകുന്തള അമ്മ ശരീരം ഒരു വശം തളര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായിരുന്നു. മതിയായ റേഷന്‍ പോലും ലഭിക്കാനാകാനാകാതെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് ശകുന്തള അമ്മ പരാതി പരിഹാരഅദാലത്തില്‍ സമീപിച്ചത്. ശകുന്തള അമ്മയുടെ സാമ്പത്തിക സാഹചര്യസ്ഥിതി മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുകയും മന്ത്രി എം.ബി രാജേഷ് കാര്‍ഡ് കൈമാറുകയുമുണ്ടായി. കാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവച്ചാണ് ശകുന്തള അമ്മ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്. ആലത്തൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്തില്‍ അഞ്ച് എ.എ.വൈ കാര്‍ഡുകളും 25 മുന്‍ഗണന കാര്‍ഡുകളും മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു.
'അല്‍ത്താഫിന് വീട് കിട്ടും; സ്വപ്നസാക്ഷാത്കാരത്തിന് വഴിയൊരുക്കി അദാലത്ത്
ന്യൂറോജി, സൈക്യാട്രിക് പ്രശ്‌നം മൂലം ബുദ്ധി മുട്ടുന്ന ഇരട്ടക്കുളം സ്വദേശിയായ അല്‍ത്താഫിന്റെ വീടെന്ന സ്വപ്നത്തിന് വഴിയൊരുക്കി ആലത്തൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത്. 20 വയസ്സുകാരനായ അല്‍ത്താഫിന് എല്ലാ മാസവും മരുന്നിനും ചികിത്സക്കുമായി നല്ലൊരു തുക ചിലവാകും. അല്‍ത്താഫിന്റെ കുടുംബത്തിന് മഴക്കെടുതിയില്‍ വീട് ഇടിഞ്ഞതാണ്. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വീട് ലഭിക്കാന്‍ കാലതാമസം ആവും . ഭിന്നശേഷിക്കാരന്‍ ആയതുകൊണ്ട് അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ ലൈഫ് മിഷന്റെ ലിസ്റ്റില്‍ മുന്‍ഗണന വിഭാഗത്തില്‍ എത്തുകയും വീടെന്ന സ്വപ്നം യഥാര്‍ത്യമാവുകയും ചെയ്യും. നിലവിലെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദാലത്തില്‍ പരാതിയുമായി എത്തിയത്. വിദ്യാര്‍ത്ഥികളായ രണ്ട് സഹോദരങ്ങളാണ് അല്‍ത്താഫിനുള്ളത്. അച്ഛന്‍ കൂലി പണിക്കുപോയാണ് അമ്മ ഉള്‍പ്പെടുന്ന കുടുംബം ജീവിക്കുന്നത്. ചുമര് ഇടിഞ്ഞ് പോയതിനാല്‍ ഷീറ്റ് മറച്ചാണ് കുടുംബം താമസിക്കുന്നത്. ഇതറിഞ്ഞ മന്ത്രി ഇവരെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പെടുത്താനും അതു വഴി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദാലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വീടെന്ന സ്വപ്നം എത്രയും വേഗം യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് അല്‍ത്താഫും കുടുംബവും.