എന്റെ കേരളം പ്രദര്‍ശന വിപണനമേള ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ഗംഭീരമായ മേളയായി : ഡെപ്യൂട്ടി സ്പീക്കര്‍

post

എന്റെ കേരളം പ്രദര്‍ശന വിപണനമേള ഏറ്റവും ഗംഭീരമായ മേളയാണെന്നതിന് മികച്ച ജനപങ്കാളിത്തമാണ് സാക്ഷിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏഴു ദിവസം നീണ്ട പ്രദര്‍ശന വിപണന സാംസ്‌കാരിക മേളയായ എന്റെ കേരളം സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവുംനിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കോവിഡ് കാലത്തിനു ശേഷം ജനങ്ങള്‍ക്ക് ആഘോഷിക്കുവാനും, വികസന പ്രവര്‍ത്തങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും, അവരെ വിവിധ വകുപ്പുകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ച് ബോധവാന്മാരാക്കുവാനും പ്രദര്‍ശന വിപണനമേളയിലൂടെ സാധിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ഭരണ സംവിധാനം ജനങ്ങള്‍ക്ക് എന്തു നല്‍കുന്നു എന്ന് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കള്‍ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാടിനെ സമഗ്രമായി മുന്നോട്ട് നയിക്കാന്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യവും സമയബന്ധിതവുമായിജനങ്ങളിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.


ഘോഷയാത്രയിലെ മികച്ച പ്രകടനത്തിനുള്ള ഒന്നാം സ്ഥാനം വനിതാ ശിശുവികസന വകുപ്പ് (ഐ.സി.ഡി.എസ്) നേടി. പങ്കാളിത്തം, വസ്ത്രധാരണം, സന്ദേശ പ്രചാരണം, അച്ചടക്കം എന്നിവയിലൂടെ വനിതാ ശിശുവികസന വകുപ്പ് ശ്രദ്ധിക്കപ്പെട്ടു. രണ്ടാംസ്ഥാനം പട്ടികജാതി വികസന വകുപ്പും കൃഷി വകുപ്പും പങ്കിട്ടു. പട്ടികജാതി വികസന വകുപ്പ് വേഷവിധാനം, ഫ്ളോട്ട്, അച്ചടക്കം എന്നിവയാല്‍ ശ്രദ്ധിക്കപ്പെട്ടു. കൃഷി വകുപ്പ് പങ്കാളിത്തത്തിലും വേഷവിധാനത്തിലും പ്ലക്കാര്‍ഡുകളിലൂടെ നടത്തിയ ആശയ വിനിമയത്തിലും മികച്ചു നിന്നു. മൂന്നാംസ്ഥാനം എക്സൈസ് വിമുക്തി മിഷനും മോട്ടോര്‍ വാഹനവകുപ്പും കുടുംബശ്രീ ജില്ലാ മിഷനും പങ്കിട്ടു. സാംസ്‌കാരികഘോഷയാത്രയെ മികവുറ്റതാക്കുന്നതില്‍ വഹിച്ച പങ്ക് സ്പോര്‍ട്സ് കൗണ്‍സിലിനെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമാക്കി. പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ വനിതാ ശിശു വികസന വകുപ്പ് ഒന്നാംസ്ഥാനം നേടി.

പ്രദര്‍ശന സ്റ്റാള്‍ വിഭാഗത്തില്‍ എക്സൈസ് വിമുക്തി മിഷന്‍, പോലീസ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, മോട്ടോര്‍ വാഹനവകുപ്പ് എന്നിവ എടുത്തു പറയത്തക്ക നിലയില്‍ പ്രവര്‍ത്തിച്ചത് കണക്കിലെടുത്ത് മികവിനുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. മികച്ച സേവന സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഐടി മിഷനും ആരോഗ്യവകുപ്പും പങ്കിട്ടു.

മികച്ച വ്യവസായ സ്റ്റാള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ജഗന്‍സ് മില്ലറ്റ്സ് ബാങ്ക് നേടി.

മേളയില്‍ കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ സംരംഭങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജില്ലാ മിഷനും ഈ വിഭാഗത്തില്‍ ആറന്മുള പാര്‍ഥസാരഥി ഹാന്‍ഡി ക്രാഫ്റ്റ്സ്, അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം നല്‍കി. ഓപ്പണ്‍ ഏരിയാ പ്രദര്‍ശന വിഭാഗത്തില്‍ പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിംഗ് കോളജ് ഒന്നാംസ്ഥാനം നേടി.