മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂത്തിയാക്കണം: മന്ത്രി വീണാ ജോർജ്

post

സുരക്ഷാ സംവിധാനം ഉറപ്പാക്കാൻ മോക് ഡ്രിൽ സംഘടിപ്പിക്കും

മെഡിക്കൽ കോളജുകളിൽ അഞ്ച് ദിവസത്തിനകം സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഓരോ മെഡിക്കൽ കോളജിലും ഗ്യാപ് അനാലിസിസ് നടത്തണം. 15 ദിവസത്തിനകം സെക്യൂരിറ്റി അലാം സംവിധാനം സ്ഥാപിക്കണം. അറിയിപ്പ് നൽകുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം ഉടൻ സ്ഥാപിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട മുൻകരുതലുകളെടുക്കാനും മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളജുകളുടെ സുരക്ഷാ സംവിധാനം വർധിപ്പിക്കാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

സെക്യൂരിറ്റി ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കണം. രോഗികളുടെ വിവരങ്ങൾ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കണം. വാർഡുകളിൽ കൂട്ടിരിപ്പുകാർ ഒരാൾ മാത്രമേ പാടുള്ളൂ. അത്യാഹിത വിഭാഗത്തിൽ രണ്ട് പേർ മാത്രം. സാഹചര്യമനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം അധികമായി ഒരാളെക്കൂടി അനുവദിക്കാം. ആശുപത്രി സുരക്ഷയ്ക്കായി ഒരു നമ്പർ എല്ലാവർക്കും നൽകുകയും പ്രദർശിപ്പിക്കുകയും വേണം. രോഗികളും ആശുപത്രി ജീവനക്കാരുമായി സൗഹാർദപരമായ അന്തരീക്ഷം ഉണ്ടാകണം. ആശുപത്രികളിൽ ആക്രമം ഉണ്ടായാൽ തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവർത്തിക്കണം.

സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിക്ക് അകത്തും പുറത്തും പോകാനുമായി ഏകവാതിൽ സംവിധാനം വേണം. സുരക്ഷ ഉറപ്പാക്കാൻ വാക്കി ട്വാക്കി സംവിധാനം ഏർപ്പെടുത്തും. ഇടനാഴികകളിൽ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം. സെക്യൂരിറ്റി ജീവനക്കാർ പട്രോളിംഗ് നടത്തണം. മോക് ഡ്രിൽ നടത്തി സുരക്ഷാ സംവിധാനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.