പത്തനംതിട്ടയില്‍ വിവിധ കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

post

ജലജീവന്‍മിഷന്‍ പദ്ധതി നടപ്പാക്കുന്നതോടെ മാതൃകയാകുന്ന സംരംഭത്തിനാണ്സംസ്ഥാനം നേതൃത്വം നല്‍കുന്നത്: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജലജീവന്‍മിഷന്‍ പദ്ധതി നടപ്പാക്കുന്നതോടെ മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ഒരു വലിയ സംരംഭത്തിനാണ് സംസ്ഥാനം നേതൃത്വം നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക ആകുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനും ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമായ സമഗ്ര മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വരണ്ട കാലവസ്ഥയിലേക്ക് പോകുന്നു. ഭൂഗര്‍ഭ ജലം കുറഞ്ഞു ശുദ്ധജലക്ഷാമം വര്‍ധിച്ച് വരുന്നു. ഇതിനുള്ള പരിഹാരമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് ദീര്‍ഘകാലമായി പരിഹാരം ആവശ്യപ്പെടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഗണന കൊടുത്തുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. 63.28 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയിലൂടെയാണ് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30.86 കോടിരൂപയുടെ നിര്‍മാണപ്രവര്‍ത്തനമാണ് ആരംഭിക്കുന്നത്. സ്ഥലമടുപ്പ് പൂര്‍ത്തിയായാല്‍ മറ്റുള്ള സ്ഥലത്തേക്കും പദ്ധതി നടപ്പാക്കും. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 63.28 കോടി രൂപയുടെ കുടിവെള്ളപദ്ധതിയിലൂടെ പഞ്ചായത്തിലെ 4133 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭിക്കും. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ മലയാലപ്പുഴ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും

കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ഒന്‍പത് കുടുംബങ്ങള്‍ക്ക്സൗജന്യ കുടിവെളള കണക്ഷന്‍ നല്‍കും: മന്ത്രി റോഷി അഗസ്റ്റിന്‍

ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതിക്കായി സ്ഥലം വിട്ട് നല്‍കിയ ഒന്‍പത് കുടുംബങ്ങള്‍ക്ക് സൗജന്യ കുടിവെളള കണക്ഷന്‍ നല്‍കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം ചിറ്റാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ ഗ്രാമീണ കുടുംബത്തിലും ശുദ്ധജലം ലഭ്യമാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കോന്നി മണ്ഡലത്തില്‍ എല്ലാ പ്രദേശത്തെക്കും കുടിവെള്ളം എത്തിക്കുന്നതിനായി 648 കോടി രൂപയുടെ അംഗീകാരം നേടി കഴിഞ്ഞു. കോന്നിയുടെ സ്പന്ദനം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംഎല്‍എ ആണ് അഡ്വ. കെ യു ജനീഷ് കുമാര്‍. എംഎല്‍എ യുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ആണ് മണ്ഡലത്തില്‍ നടക്കുന്നത് എന്നും മാതൃകാ മണ്ഡലം ആയി കോന്നി മാറുകയാണ് എന്നും ജില്ലാ ഭരണകൂടം, പഞ്ചായത്ത്, വാട്ടര്‍ അതോററ്റി ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനം നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചിറ്റാര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനുള്ള ശ്വാശ്വത പരിഹാരം ഈ പദ്ധതി നടപ്പാകുന്നതോടെ ഉണ്ടാകുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ചിറ്റാര്‍ പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി 62.38 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. 42 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ജല്‍ ജീവന്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടന്നും എംഎല്‍എ പറഞ്ഞു.