കേരള നിയമസഭ രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി; നിയമസഭ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്ന് ഗവർണർ

post

നിയമസഭ കെട്ടിടത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ ആശംസകളുമായി ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് തുടങ്ങിയവർ. രാജ്യത്തിലെ തന്നെ ഏറ്റവും പുരോഗമനപരമായ പല നിയമനിർമാണങ്ങൾക്കും വേദിയായ കേരള നിയമസഭയിലെ അംഗങ്ങൾ എക്കാലവും ജനങ്ങളുടെ പ്രതീക്ഷ ഉയർത്തിപ്പിടിച്ചവരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. രാജ്യത്തിലെ തന്നെ ഏറ്റവും മനോഹരവും പ്രൗഢവുമായ നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ് നമ്മുടേത്. ജനങ്ങളുടെ പ്രതീക്ഷയും ആശങ്കയും ആഹ്ലാദവും പ്രതിഷേധവും എല്ലാം പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അത് എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് നമ്മുടെ സാമാജികർ എന്നതിൽ നമുക്ക് അഭിമാനിക്കാം, ഗവർണർ പറഞ്ഞു. കേരളത്തെ സാമൂഹികക്ഷേമം, സുസ്ഥിരവികസനം എന്നിവയിൽ മാതൃകയാക്കി തീർത്തതിൽ ഓരോ സാമാജികന്റേയും ആശയവും സംഭാവനകളും ഉണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

സംസ്ഥാന നിയമസഭയിലെ പല നിയമനിർമാണങ്ങളും രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഭൂപരിഷ്‌കരണം നിയമം, 1959 ലെ കേരള വിദ്യാഭ്യാസ നിയമം, നിയമസഭാ സബ്ജക്ട് കമ്മിറ്റി, സിറ്റിങ്ങുകൾ എന്നിവയെല്ലാം മറ്റ് പല സംസ്ഥാനങ്ങളും ഇന്ത്യൻ പാർലമെന്റും മാതൃകയാക്കിയ കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീമൂലം തിരുനാളിന്റെ കാലത്തുള്ള ഉപദേശക സ്വഭാവമുള്ള കൗൺസിലിൽ നിന്നാണ് നമ്മുടെ നിയമനിർമാണ സഭ ഇത്ര വരെ എത്തിയത്. ആ ഉജ്ജ്വല ചരിത്രം ജനാധിപത്യ വികാസത്തിന്റെ ചരിത്രം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

32 സിറ്റിംഗ് നടത്തിയ ആദ്യ കൗൺസിൽ ഇന്നും മാതൃകയാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുമാരനാശാന്റേയും അയ്യങ്കാളിയുടേയും ഉജ്ജ്വല പ്രസംഗങ്ങൾ അടയാളപ്പെടുത്തിയ ആദ്യ കൗൺസിലിൽ അവരുടെ ശബ്ദങ്ങൾ സാമൂഹ്യനീതിക്കും അനാചാരങ്ങൾക്കുമെതിരെയുള്ള മുറവിളിയായിരുന്നു. അന്നുമുതലുള്ള നിയമനിർമാണങ്ങൾ ചരിത്ര പ്രാധാന്യമുള്ളതും വിപ്ലവാത്മകവും ജനജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതുമാണ്.

കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണനിയമം വലിയ ചലനങ്ങൾ സൃഷ്ടിച്ചു. കേരള വിദ്യാഭ്യാസ നിയമം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇപ്പോഴത്തെ നിയമസഭ അറിവിന്റെ പുതിയ യുഗത്തിലേക്ക് കുതിക്കുന്ന നവകേരളം കെട്ടിപ്പടുക്കാനുള്ള ഊടുംപാവും നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ മൂന്നു ശാഖകളും ചെക്‌സ് ആൻഡ് ബാലൻസ് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അതിലെ ഒരു ശാഖ മറ്റു ശാഖകളിൽ കൈയ്യടക്കുന്നു എന്ന ആക്ഷേപം ഇപ്പോൾ ഉയർന്നു വരുന്നുണ്ടെന്നും അത്തരം ആക്ഷേപങ്ങൾ ഉണ്ടാവില്ലെന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

നമ്മുടെ ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒപ്പം സംസ്ഥാനങ്ങളുടെ അവകാശങ്ങളും ശക്തമായി സംരക്ഷിക്കേണ്ടതുണ്ട്. ആ ഓർമ്മപ്പെടുത്തലോടെയുള്ള പ്രവർത്തനങ്ങളുമായി വേണം നിയമസഭാ കെട്ടിടത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രഥമ സ്പീക്കർ ആർ ശങ്കരനാരായൺ തമ്പി മുതൽ ഇപ്പോഴത്തെ സ്പീക്കർ എ.എൻ ഷംസീർ വരെയുള്ളവരുടേയും ഇ.എം.എസ് നമ്പൂതിരിപ്പാട് മുതലുള്ള മുഖ്യമന്ത്രിമാരുടെയും സംഭാവനകളും മുഖ്യമന്ത്രി പരാമർശിച്ചു.

നിയമസഭാ മന്ദിരത്തിൽ കാലുകുത്തുന്ന അംഗത്തിന് സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുക എന്ന ദൗത്യത്തെക്കുറിച്ചോർത്ത് അഭിമാനം ഉളവാക്കുന്നതാണ് പുതിയ നിയമസഭാ മന്ദിരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ആശങ്കയുളവാക്കും വിധം വളർന്നുവരുന്ന അരാഷ്ട്രീയതയെ ചെറുത്തുതോൽപ്പിക്കാനുള്ള ഉത്തരവാദിത്തം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾക്കുണ്ട്. നിയമനിർമാണ സഭക്കുള്ളിൽ ഗൗരവപൂർണമായ ചർച്ചകളും സംവാദങ്ങളും നടക്കുന്നുണ്ടെന്ന കാര്യം പുറംലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതേവരെ പാസാക്കിയ 3447 നിയമങ്ങളും അതാത് രംഗത്തെ നാഴികകല്ലുകളാണെന്ന് സ്പീക്കർ എ.എൻ ഷംസീർ അഭിപ്രായപ്പെട്ടു. ഭരണപക്ഷം, പ്രതിപക്ഷം എന്നീ വേർതിരിവില്ലാതെ എല്ലാ അംഗങ്ങൾക്കും സഭയിൽ ചർച്ചകളിലും സംവാദങ്ങളിലും പങ്കെടുക്കാൻ വേണ്ടത്ര സമയം ലഭിക്കുന്ന കാര്യവും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയുടെ ഉന്നത നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ സംസ്ഥാനത്തെ എല്ലാ മുഖ്യമന്ത്രിമാരും ബദ്ധശ്രദ്ധ പുലർത്തിയതായി സ്പീക്കർ പറഞ്ഞു. സാമൂഹികക്ഷേമ രംഗത്തുൾപ്പെടെ പല മേഖലകളിലും മറ്റ് സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലായ കേരളത്തിൽ ജനാധിപത്യം പരിലസിക്കുകയാണെന്നും നിയമനിർമാണ സഭയിലെ പൂർവസൂരികൾക്ക് അതിൽ മുഖ്യ പങ്കുണ്ടെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചൂണ്ടിക്കാട്ടി. ലോകം ആദരപൂർവ്വം ശ്രദ്ധിക്കാൻ കാരണമായ ഇടമായി കേരളം മാറിയത് മികച്ച രീതിയിലുള്ള നിയമനിർമാണങ്ങളാണെന്ന് പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.