അഴീക്കോട് മണ്ഡം തീരസദസ്സ്: 8.81 ലക്ഷം രൂപയുടെ ധനസഹായം നൽകി

post

അഴീക്കോട് നിയോജക മണ്ഡലം തീരസദസ്സ് നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍ പി സ്‌കൂളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും അതിനായി കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം. ബോട്ടുമായി ഇറങ്ങുമ്പോള്‍ തന്നെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഓരോ തീരപ്രദേശങ്ങളിലും ജാഗ്രതകമ്മിറ്റി രൂപീകരിക്കണം. മല്‍സ്യത്തൊഴിലാളികള്‍ പരമ്പരാഗത തൊഴിലിനോടൊപ്പം മറ്റു തൊഴില്‍ മേഖലകളില്‍ കൂടി സജീവമാകണം. അതിന് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലെ പയ്യന്നൂര്‍ ഫിഷറീസ് കോളേജില്‍ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം നല്‍കും. പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി കെ ഡിസ്‌കുമായി ചേര്‍ന്ന് തീരദേശത്താകെ ജോബ് ഫെയര്‍ സംഘടിപ്പിക്കും. വ്യാവസായിക സംരംഭ പദ്ധതികളെ പ്രോത്സാഹിപ്പിക്കും. പ്രതിസന്ധികളെ തരണം ചെയ്യാന്‍ മറ്റേതെങ്കിലും തൊഴില്‍ കൂടി പഠിച്ചെടുക്കണമെന്നും അതിനാണ് ഇത്തരത്തിലൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഉപരിപഠനത്തിലും കായികരംഗത്തും മികച്ച നേട്ടം കൈവരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. സാഫിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ അഭ്യസ്തവിദ്യരായ യുവതികള്‍ക്കായി നടപ്പാക്കിയ സൗജന്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജില്ലയിലെ 3 പേര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. അതോടൊപ്പം മണ്ഡലത്തിലെ മികച്ച മത്സ്യത്തൊഴിലാളി ഗ്രൂപ്പായ അഴീക്കോട് കടപ്പുറം സംഘത്തിനുള്ള മൊമെന്റോയും മന്ത്രി നല്‍കി.

62 പരാതികള്‍ക്ക് പരിഹാരം; 8.81 ലക്ഷം രൂപയുടെ ധനസഹായം

അഴീക്കോട് മണ്ഡലം തീരസദസില്‍ ആകെ ലഭിച്ച 187 പരാതികളില്‍ 62 എണ്ണം തീര്‍പ്പാക്കി. ഫീഷറീസ് വകുപ്പ്, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 31 എണ്ണവും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട 31 എണ്ണവുമാണ് തീര്‍പ്പാക്കിയത്. ബാക്കി 125 എണ്ണത്തില്‍ തുടര്‍ പരിശോധന നടത്തി നടപടിയെടുക്കും. ഫീഷറീസുമായി ബന്ധപ്പെട്ട 84ഉം മറ്റ് വകുപ്പുകളിലെ 41 എണ്ണവുമാണ് പുനപരിശോധന നടത്തുക. ഭവന പദ്ധതി ആനുകൂല്യം, ഭവന അറ്റകുറ്റപ്പണിക്കുള്ള ധനസഹായം, കടാശ്വാസം, പട്ടയം, കോളനി നവീകരണം, കടല്‍ഭിത്തി നിര്‍മ്മാണം, ലാന്റിങ് സെന്റര്‍ സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. ഇതോടൊപ്പം 8.81 ലക്ഷം രൂപയുടെ ധനസഹായവും മണ്ഡലത്തില്‍ നല്‍കി. 10000 രൂപ വീതം 22 പേര്‍ക്ക് വിവാഹ ധനസഹായം, മരണപ്പെട്ടവരുടെ ആശ്രിതരായ മൂന്ന് പേര്‍ക്ക് 15000 രൂപ വീതം, മത്സ്യഫെഡില്‍ നിന്നും പലിശ രഹിത വായ്പയായി രണ്ടുപേര്‍ക്ക് 5.41 ലക്ഷം രൂപ, സാഫ് ഗുണഭോക്താക്കളായ രണ്ട് സംരംഭകര്‍ക്ക് റിവോള്‍വിങ് ഫണ്ടായി 75000 രൂപ എന്നിങ്ങനെയാണ് നല്‍കിയത്.

നീര്‍ക്കടവില്‍ ഫിഷ് ലാന്റിങ് സെന്ററും നെറ്റ് വൈന്റിങ് യാര്‍ഡും ഒരുക്കും

അഴീക്കോട് നീര്‍ക്കടവില്‍ ഫിഷ് ലാന്റിങ് സെന്ററും നെറ്റ് വൈന്റിങ് യാര്‍ഡും ആരോഗ്യ കേന്ദ്രവും അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളും. അഴീക്കോട് മണ്ഡലം തീര സദസ്സിന് മുന്നോടിയായി ജനപ്രതിനിധി-തൊഴിലാളി സംഘടനാ പ്രതിനിധി-ഉദ്യോഗസ്ഥ ചര്‍ച്ചയിലാണ് ആവശ്യമുയര്‍ന്നത്. ഇവ മൂന്നും യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നീര്‍ക്കടവില്‍ ഫിഷ്ലാന്റിങ് സെന്റര്‍ നിര്‍മ്മിക്കാനുള്ള പഠനം നടക്കുകയാണെന്നും പാരിസ്ഥിതിക പ്രശ്നമില്ലെങ്കില്‍ സെന്റര്‍ യാഥാര്‍ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഫണ്ട് സര്‍ക്കാര്‍ നല്‍കും. മണ്ണെണ്ണ ലഭ്യമല്ലാത്തതിനാല്‍ ബോട്ടുകള്‍ പെട്രോള്‍, ഡീസല്‍, എല്‍ പി ജി എന്നിവയിലേക്ക് മാറണം. ഇത്തരം എഞ്ചിന്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. അഴീക്കോട് ഹാര്‍ബര്‍ നവീകരണത്തിന് 26 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് ഏറ്റവും നല്ല ഹാര്‍ബറായി ഇതിനെ മാറ്റും. പുതിയ ഐസ് പ്ലാന്റ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യഫെഡ് അനുവദിച്ച വല പെട്ടെന്ന് നശിച്ചു പോവുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത നൂല് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെച്ചപ്പെട്ട വലകളാണ് ഇനി ലഭിക്കുകയെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അഴീക്കോട്, കാട്ടാമ്പള്ളി എന്നിവിടങ്ങളില്‍ ഊന്ന് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നില്ലെന്ന വിഷയം അഴീക്കോട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഗിരീഷ് കുമാറും നാറാത്ത് പഞ്ചായത്ത് അംഗം ഷാജനും ഉന്നയിച്ചു. മത്സ്യസമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഊന്ന് വലക്ക് കോടതി നിര്‍ദേശപ്രകാരമാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും പരമ്പരാഗതമായി ഇത്തരത്തില്‍ മത്സ്യം പിടിക്കുന്നവര്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നും മന്ത്രി മറുപടി നല്‍കി.

കാട്ടാമ്പള്ളിയില്‍ പുതിയ ഷട്ടര്‍ സ്ഥാപിക്കാത്തതിനാല്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണെന്ന് ചിറക്കല്‍ പഞ്ചായത്ത് അംഗം പി അജയകുമാര്‍ അറിയിച്ചു. ഷട്ടര്‍ മാറ്റി സ്ഥാപിക്കാന്‍ 2.4 കോടി രൂപ അനുവദിച്ച് 10 തവണ ടെണ്ടര്‍ ചെയ്തിട്ടും പ്രവൃത്തി ആരും ഏറ്റെടുത്തില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെ എം എല്‍ എയുടെ നേതൃത്വത്തില്‍ യോഗം ചേരാനും എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ച് സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാമെന്നും മന്ത്രി പറഞ്ഞു. പറശ്ശിനിക്കടവ് മുതല്‍ വളപട്ടണം വരെയുള്ള ഭാഗത്ത് ടൂറിസത്തിന്റെ ഭാഗമായി കൂടുതല്‍ ബോട്ടുകള്‍ സഞ്ചരിക്കുന്നതിനാല്‍ ഉള്‍നാടന്‍ മത്സ്യബന്ധനം പ്രയാസത്തിലാകുന്നുണ്ടെന്ന് നാറാത്ത് പഞ്ചായത്ത് അംഗം സെയ്ഫുദ്ദീന്‍ പറഞ്ഞു. കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ബോട്ടിങ്ങിനും മത്സ്യബന്ധനത്തിനും പ്രത്യേകം സമയം അനുവദിക്കാന്‍ ഇതോടെ നിര്‍ദ്ദേശം നല്‍കി.

നിരവധി മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന കാട്ടാമ്പള്ളി മുതല്‍ വള്ളുവന്‍കടവ് വരെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മ്മിക്കണമെന്ന ആവശ്യത്തോടും മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചു. ഉടമകള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ നിര്‍മ്മാണത്തിനുള്ള പണം വകുപ്പ് അനുവദിക്കുമെന്ന ഉറപ്പാണ് നല്‍കിയത്. ഉള്‍നാടന്‍ മത്സ്യയാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാത്തത് തൊഴിലാളികളെ പ്രയാസത്തിലാക്കുകയാണെന്നും ഇതിനാല്‍ പല ആനുകൂല്യങ്ങളും നഷ്ടപ്പെടുകയാണെന്നും മത്സ്യത്തൊഴിലാളിയും പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗവുമായ ഒ കെ കുഞ്ഞിമൊയ്തീന്‍ പറഞ്ഞു. ഇതോടെ കേരളത്തിലെ മുഴുവന്‍ ഉള്‍നാടന്‍ യാനങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു.