20 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേനക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍

post

പത്തനംതിട്ട ജില്ലയുടെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വലിയ മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 'നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല' പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 20 ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേനക്ക് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി ഇത്രയേറെ വാഹനങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിനായി വിതരണം ചെയ്യുന്ന ആദ്യ ജില്ലാ പഞ്ചായത്ത് പത്തനംതിട്ട ആണെന്നും ത്രിതല പഞ്ചായത്തുകളുടെ ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

2022-23 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ഒരു കോടി രൂപ മുതല്‍മുടക്കിയാണ് 20 ഇലക്ട്രിക്ക് ഗുഡ്‌സ് ഓട്ടോകള്‍ വാങ്ങിയത്. ഈ സാമ്പത്തികവര്‍ഷവും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഏറ്റുവാങ്ങുന്ന വാഹനങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങളായ വനിതകള്‍ തന്നെ ഓടിക്കുന്നതിനുള്ള ഡ്രൈവിങ് പരിശീലനം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇലക്ട്രിക്ക് വാഹനങ്ങളായതിനാല്‍ പരിസര മലിനീകരണം, റിപ്പയര്‍ ചാര്‍ജുകള്‍, ഇന്ധനവില തുടങ്ങിയവ സാരമായി ബാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംഭരിച്ച് സംസ്‌കരിക്കുന്നതിനുള്ള ഫാക്ടറി കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മിച്ച് വരുകയാണെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഹരിതകര്‍മ സേന നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനാണ് പരിഹാരമായതെന്നും അവരെ ഹരിതമിത്രങ്ങളായി കാണണമെന്നും മുഖ്യപ്രഭാഷണത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സേനയോടുള്ള സഹകരണം പൊതുജനമധ്യത്തിലും പഞ്ചായത്ത് തലത്തിലും ശക്തിപ്പെട്ടിട്ടുണ്ട് .എല്ലാ ഹരിതകര്‍മസേനാംഗങ്ങള്‍ക്കും അടിസ്ഥാന ആവശ്യങ്ങളായ യൂണിഫോം, കുട പോലെയുള്ള സാധന സാമഗ്രികളുടെ വിതരണം ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു .

കൊടുമണ്‍, കലഞ്ഞൂര്‍, പന്തളം തെക്കേക്കര, ഏനാദിമംഗലം, തുമ്പമണ്‍, പെരിങ്ങര, ചെറുകോല്‍, ഇരവിപേരൂര്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, കോന്നി, അയിരൂര്‍, മല്ലപ്പള്ളി, നാറാണംമൂഴി, ഓമല്ലൂര്‍, മൈലപ്ര, കൊറ്റനാട്, ചെന്നീര്‍ക്കര, മെഴുവേലി, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കാണ് വാഹനങ്ങള്‍ കൈമാറിയത്.