കണ്ണൂർ ജില്ലയിലെ തീരസദസ്സുകൾക്ക് സമാപനം; 467 പരാതികൾ പരിഹരിച്ചു

post

തീരദേശത്തെ കേൾക്കാനും ചേർത്ത് പിടിക്കാനുമായി ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടന്ന തീര സദസ്സുകൾ കണ്ണൂർ ജില്ലയിൽ പൂർത്തിയായി. തലശ്ശേരി, ധർമടം, കണ്ണൂർ, അഴീക്കോട്‌, കല്യാശ്ശേരി, പയ്യന്നൂർ എന്നീ തീരദേശ മണ്ഡലങ്ങളിലാണ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തീരസദസ്സും ജനപ്രതിനിധികളുമായുള്ള ചർച്ചയും സംഘടിപ്പിച്ചത്.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 557 പരാതികളാണ് തീരസദസ്സിന്റെ ഭാഗമായി ജില്ലയിൽ ആകെ ലഭിച്ചത്. ഇവയിൽ 311 അപേക്ഷകൾക്ക് മന്ത്രി തീർപ്പ് കൽപിച്ചു. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് വന്ന 239 പരാതികളിൽ 156 പരാതികളും തീരസദസ്സിൽ മന്ത്രി പരിഹരിച്ചു.

ജില്ലയിൽ മത്സ്യത്തൊഴിലാളികളുടെ പെൺ മക്കൾക്ക് നൽകുന്ന വിവാഹ ധനസഹായം, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ധനസഹായം എന്നീ ഇനത്തിൽ ആകെ 13,90,000 രൂപ തീരസദസ്സിന്റെ ഭാഗമായി മന്ത്രി വിതരണം ചെയ്തു. മത്സ്യഫെഡ് വഴി പലിശ രഹിത വായ്പ, മൂലധന വായ്പ, മൈക്രോ ഫിനാൻസ് എന്നീ ഇനത്തിൽ 17,59,584 രൂപയും സാഫ് ഗുണഭോക്താക്കളായ സംരംഭക യൂനിറ്റുകൾക്ക് റിവോൾവിംഗ് ഫണ്ടായി രണ്ട് ലക്ഷം രൂപയും വിതരണം ചെയ്തു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികൾ മുഖേന 33,49,584 രൂപയുടെ ആനുകൂല്യങ്ങളും വിവിധ മണ്ഡലങ്ങളിലായി നടന്ന തീരസദസ്സുകളിൽ മന്ത്രി വിതരണം ചെയ്തു.