ട്രോളിംഗ് നിരോധനം: ഇതരസംസ്ഥാന യാനങ്ങള്‍ കൊല്ലം തീരം വിട്ടുപോകാന്‍ നിര്‍ദേശം

post

മത്സ്യങ്ങളുടെ പ്രജനന കാലയളവായ മണ്‍സമയത്ത് മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി നടപ്പാക്കുന്ന ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ ഇതരസംസ്ഥാന യാനങ്ങളും ജൂണ്‍ ഒന്നിന് മുമ്പ് കൊല്ലം തീരത്തുനിന്നും വിട്ടുപോകേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ ട്രോള്‍ ബാന്‍ സമയക്രമം മറികടക്കുന്നതിനായി കേരളത്തില്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുമ്പോള്‍ ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ അടച്ചിടേണ്ടിവരും. ഈ സാഹചര്യത്തില്‍ പരമ്പരാഗത യാനങ്ങള്‍ കൂടുതലായും പരിമിതികളുള്ള തങ്കശേരി ഹാര്‍ബറില്‍ അടുക്കാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം നല്‍കുന്നത്.

മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എല്ലാ വര്‍ഷവും ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നടപ്പാക്കുന്ന ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ജില്ലയിലെ നീണ്ടകര ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മണ്‍സൂണ്‍കാല രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി മൂന്ന് ബോട്ടുകള്‍ വാടകക്ക് എടുക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.