കോവിഡ്-19: ഇന്ന് ഗാര്‍ഹിക ശുചീകരണദിനമായി ആചരിക്കും

post

പാലക്കാട് ലോകാരോഗ്യ സംഘടനാ മഹാമാരിയായി പ്രഖ്യാപിച്ച കോവിഡ്-19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നിലവിലെ പ്രതിസന്ധി അതിജീവിക്കുന്നതിന് സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 22) ഗാര്‍ഹിക ശുചീകരണ ദിനമായി ആചരിക്കാന്‍  മുഖ്യമന്ത്രി ആഹ്യാനം ചെയ്തിട്ടുണ്ട്. വ്യക്തിശുചിത്വത്തോടൊപ്പം നമ്മള്‍ താമസിക്കുന്ന സ്ഥലം, വീട് എന്നിവ ശുചീകരിക്കുന്നതും പ്രധാനമാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട പ്രധാന ഘടകമായ ശുചിത്വം, രോഗാണുക്കളുടെ സംക്രമണം കുറയ്ക്കാന്‍ ശാരീരിക അകലം എന്നിവ പാലിക്കണം.  രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൂന്നാംഘട്ടത്തില്‍ ഇന്ന് (മാര്‍ച്ച് 22) സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളും ഗാര്‍ഹിക ശുചീകരണ ദിനമായി ആചരിക്കണം. ഗാര്‍ഹിക ശുചീകരണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.      

1. വീടിന് ചുറ്റും പരിസരങ്ങളിലുമുള്ള എല്ലാ അജൈവ-പാഴ് വസ്തുക്കള്‍ ചാക്ക്, സഞ്ചി എന്നിവയില്‍ തരം തരിച്ച് പ്രത്യേകം സൂക്ഷിക്കുക.  മഴപെയ്താലും വെള്ളം കയറാത വിധത്തിലാണ് സൂക്ഷിക്കേണ്ടത്. വീട്ടിലെ പാഴ്വസ്തുക്കള്‍ വീടിന്റെ പലഭാഗങ്ങളിലായി കൂട്ടിവെച്ചിട്ടുണ്ടെങ്കില്‍ ഇവ തരംതിരിച്ച് പുനരുപയോഗത്തിനായി മാറ്റിവെക്കുകയും ഉപയോഗ്യമല്ലാതവയെ പ്രത്യേകം തരംതിരിച്ച് വെയ്ക്കേണ്ടതുമാണ്.

2. ഗാര്‍ഹിക ശുചീകരണദിനത്തിന്റെ ഭാഗമായി മുറികള്‍, ശുചിമുറികള്‍ വീട്ടിലെ മറ്റ് ഇടങ്ങള്‍ കഴുക്കി തുടച്ച് പൂര്‍ണ്ണമായും വൃത്തിയായി സൂക്ഷിക്കണം.

3. വീടിന്റെ പരിസരത്ത് കണ്ടെത്താവുന്ന അപകടകരമായ വസ്തുക്കള്‍ (ട്യൂബ് ലൈറ്റ്, എല്‍.ഇ.ഡി ബള്‍ബ്, ഉപയോഗശേഷമുള്ള മരുന്ന് കുപ്പികള്‍, മരുന്നുകള്‍) ഇവ പുറത്തേക്ക് കളയാതെ പ്രത്യേകം സൂക്ഷിക്കണം.

4. വീട്ടിലെ ജൈവവസ്തുക്കള്‍ സംസ്‌ക്കരിക്കുന്നതിന് കമ്പോസ്റ്റ് പിറ്റ് ഇല്ലാത്ത എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ് സജ്ജമാക്കുകയും ജൈവ വസ്തുക്കള്‍ കൃത്യമായി സംസ്‌കരിക്കേണ്ടതുമാണ്.

5. രോഗപ്രതിരോധ നടപടിയുടെ ഭാഗമായി വീട്ടിലെ മുഴുവന്‍ അംഗങ്ങളും കൈ കഴുക്കേണ്ടതിന്റെ (20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക) രീതി കൃത്യമായി പാലിക്കേണ്ടതാണ്.

6. വീട്ടിലെ ശുചീകരണ പ്രവര്‍ത്തനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും കൈകഴുക്കല്‍ രീതി എല്ലാവരും സ്വീകരിക്കണം.

ഗാര്‍ഹിക ശുചീകരണ ദിനത്തില്‍ ശാരീരികവും മാനസികവും കുടുംബപരവുമായി രോഗപ്രതിരോധത്തിനുള്ള തയ്യാറെടുപ്പ് ദിനമായി മാറ്റുകയും വ്യക്തിശുചിത്വം-ഗാര്‍ഹികശുചിത്വത്തിലൂടെ രോഗപ്രതിരോധത്തിനുള്ള ശക്തമായ പടയൊരുക്കും തുടരാം.