ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസിൽ രണ്ട് അക്കാദമിക്ക് ബ്ലോക്ക് നിർമ്മിച്ചു

post

തീരദേശ വികസന കോര്‍പ്പറേഷന്‍ മഞ്ചേശ്വരം പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് ബങ്കര മഞ്ചേശ്വരം സ്കൂളില്‍ രണ്ട് അക്കാദമിക്ക് ബ്ലോക്ക് നിര്‍മ്മിച്ചു. മത്സ്യബന്ധനം- സാംസ്കാരികം- യുവജനക്ഷേമവകുപ്പ് മന്ത്രി സജി ചെറിയാന്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ഫിഷറീസ് മേഖലയിലെ സ്കൂളുകളില്‍ 136 കോടി രൂപ ചിലവഴിച്ച് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട മാതാപിതാക്കള്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികളെ സൗജന്യമായി സര്‍ക്കാര്‍ പഠിപ്പിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ തീരദേശമേഖലയില്‍ വലിയ വികസനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


എം.എല്‍.എ ഫണ്ടില്‍ നിന്നും 86 ലക്ഷം രൂപ ചിലവഴിച്ച് മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ലാപ്ടോപ്പുകള്‍ വിതരണം ചെയ്ത എ.കെ.എം അഷ്റഫ് എം.എല്‍.എയെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ എ.കെ.എം അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.