തീര സദസ്സ്: മഞ്ചേശ്വരം മണ്ഡലത്തിൽ ലഭിച്ചത് 414 പരാതികൾ

post

മഞ്ചേശ്വരം ഹാർബർ പൂർണ്ണ അർത്ഥത്തിൽ യാഥാർത്ഥ്യമാക്കും: മന്ത്രി സജി ചെറിയാൻ

മഞ്ചേശ്വരം മണ്ഡലത്തിലെ തീര സദസ്സ് മത്സ്യബന്ധന , സാംസ്കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഹാർബർ പൂർണ്ണ അർത്ഥത്തിൽ യാഥാർത്ഥ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഫിഷറീസ് വകുപ്പിനെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൂടുതൽ സ്കൂളുകൾ അനുവദിക്കുമെന്നും അതിൽ മഞ്ചേശ്വരം മണ്ഡലത്തിന് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

112 കോടി ചെലവിൽ കുമ്പള കോഴിപ്പാടി ആരിക്കാട് പ്രദേശങ്ങളിൽ കുടിവെള്ളം നൽകുന്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കും. തീരത്തിന്റെ കണ്ണീരൊപ്പി കൊണ്ടായിരിക്കും മൂന്നുവർഷം കഴിയുമ്പോൾ സംസ്ഥാന സർക്കാർ സ്ഥാനമൊഴിയുന്നത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ മന്ത്രി ഓർമിപ്പിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിൽ തീരദേശ റോഡുകൾ അനുവദിക്കും.മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികളായ കുട്ടികൾ കൂടുതൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ഉന്നത സ്ഥാനമാനങ്ങളിൽ എത്തിപ്പെടണം. രക്ഷിതാക്കൾ മക്കളുടെ പഠനത്തിന് പ്രാധാന്യം നൽകണം. ഫിഷറീസ് വകുപ്പ് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നു. അന്യസംസ്ഥാന ബോട്ടുകളും മറ്റും നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയാൻ തീരദേശ പോലീസ്, റവന്യൂ, ഫിഷറീസ് എന്നിവ സംയുക്തമായി ശക്തമായ നടപടികൾ എടുക്കും. മത്സ്യബന്ധനത്തിന് പോകുമ്പോഴും തിരിച്ചു വരുമ്പോഴും ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണം എന്ന് മന്ത്രി ഓർമിപ്പിച്ചു.

മത്സ്യമേഖലയിൽ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സമഗ്രമായ പദ്ധതികൾ വകുപ്പ് നടപ്പിലാക്കി വരികയാണ്. മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി മത്സ്യ വില്പന നടത്താൻ ആവശ്യമായ ഷെൽട്ടറുകൾ, ഡ്രസ്കോഡ് എന്നിവ നൽകി മൽസ്യ മേഖലയെ നവീകരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ ഇടുന്നത് മത്സ്യം സമ്പത്ത് കുറയുന്നതിന് കാരണമാകുന്നുണ്ട് എന്നും അതിനാൽ ശുചിത്വ സാഗരം സുന്ദര തീരം എന്ന സർക്കാരിന്റെ ക്യാമ്പയിൻ എല്ലാ മത്സ്യ തൊഴിലാളികളും തീരദേശവാസികളും പാലിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻറെ മുഖ്യമന്ത്രി പറഞ്ഞതുപോലെ മത്സ്യത്തൊഴിലാളികൾ കേരളത്തിൻറെ സൈന്യമാണെന്നും എന്നും അവരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനമാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 


മഞ്ചേശ്വരം തീര സദസ്സിൽ ഓൺലൈനായി 414 പരാതികൾ ലഭിച്ചു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 37 പരാതികൾ, മത്സ്യബന്ധന യാനങ്ങളുമായി സംബന്ധിച്ച് ഏഴ് പരാതികൾ, പുനർഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് 26 പരാതികൾ, ഓഖി സഹായവുമായി ബന്ധപ്പെട്ട് ഒരു പരാതി, സ്കോളർഷിപ്പ് സംബന്ധിച്ച് മൂന്നു പരാതി ക്ഷേമനിധി ബോർഡ് സംബന്ധിച്ച 14 പരാതികൾ, തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 289 പരാതികൾ, സഹകരണ സംഘം വായ്പയുമായി ബന്ധപ്പെട്ട അഞ്ചു പരാതികൾ മത്സ്യഫെഡുമായി ബന്ധപ്പെട്ട ഒൻപത് പരാതികൾ ഹാർബർ എൻജിനീയറുമായി ബന്ധപ്പെട്ട 11 പരാതികൾ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അഞ്ചു പരാതികൾ, സഹകരണ വകുപ്പുമായി ബന്ധപ്പെട്ട 10 പരാതികൾ, വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട രണ്ടു പരാതികൾ, പോലീസുമായി ബന്ധപ്പെട്ട് മൂന്ന് പരാതികൾ, സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട 5 പരാതികൾ, ലീഡ് ബാങ്കുമായി ബന്ധപ്പെട്ട മൂന്ന് പരാതികൾ, വനിത ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് ഒരു പരാതി എന്നിവ ലഭിച്ചു. ഫിഷറീസ് വകുപ്പും അനുബന്ധസ്ഥാപനങ്ങളും ഉൾപ്പെടെ ഏതാനും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 76 അപേക്ഷകളിന്മേൽ അദാലത്തിൽ തീർപ്പു കല്പിക്കുകയുണ്ടായി. അവശേഷിക്കുന്ന 338 അപേക്ഷകൾ തീർപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.

മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും വിദ്യാഭ്യാസ, കായിക, തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയ 39 പേരെ ചടങ്ങിൽ സജി ചെറിയാൻ ആദരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 21 പേർക്ക് 10000 രൂപ വിതം ആകെ 270,000 രൂപയും, മരണാനന്തര ധനസഹായമായി 4 പേർക്ക് 60000 രൂപയും, സാഫ് മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 4,30,000 രൂപ തീരസദസിന്റെ വേദിയിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിൽ എ.കെ.എം അഷറഫ് എം.എൽ.എ അധ്യക്ഷനായി.