പയ്യന്നൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനമന്ത്രി ഉദ്ഘാടനം ചെയ്തു

post

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സബ് ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാർച്ചോടെ കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിൽ 50 വർഷത്തിലെ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. 2021ൽ ഈ സർക്കാർ ചുമതല ഏൽക്കുമ്പോൾ ആകെ ഒരു വർഷത്തെ നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. അതിൽ ഈ കഴിഞ്ഞ മാർച്ച്‌ ആയപ്പോൾ രണ്ടു വർഷം കൊണ്ട് 26,000 കോടി രൂപയുടെ വർധനവുണ്ടായി.

കേന്ദ്ര വിഹിതം 40,000 കോടി കുറവുള്ളപ്പോൾ കേരളത്തെ ഏറ്റവും പ്രധാനമായും രക്ഷപ്പെടുത്തിയത് ആഭ്യന്തര വരുമാനം വർധിപ്പിച്ചതാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന് അർഹമായ നികുതി വരുമാനം നമുക്ക് കിട്ടണം. കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് നികുതി വിഹിതം കിട്ടുന്നത് കേരളത്തിനാണ്. ഇതിന് പുറമെ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന് കേന്ദ്ര ഗ്രാൻഡിൽ ഒൻപത് ശതമാനം കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. അതേ സമയം കർണാടകത്തിന് 24 ശതമാനവും തമിഴ്നാടിന് ഏഴ് ശതമാനവും വർധനവുണ്ടായി. കേരളത്തിലെ ഓരോരുത്തർക്കും കിട്ടേണ്ട ആനുകൂല്യങ്ങളാണ് കേന്ദ്രം വെട്ടിക്കുറക്കുന്നത്.

ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ ട്രഷറി കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. ട്രഷറി ഡയറക്ടർ വി സാജൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, മുൻ എംഎൽ എ സി. കൃഷ്ണൻ, പയ്യന്നൂർ നഗരസഭ വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ,ട്രഷറി ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ എ സലീൽ, ജില്ലാ ട്രഷറി ഓഫീസർ ഇൻ ചാർജ്ജ് ടി വി തിലകൻ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.