കാസര്‍കോട് ക്ഷയരോഗ വിഭാഗം പുതിയ കെട്ടിടത്തിലേക്ക്
കാസർകോഡ് ജില്ലാ ടിബി സെന്ററിന്റെ കീഴിലുള്ള ടി.ബി യൂണിറ്റിന്റെ പ്രവര്‍ത്തനം ജനറല്‍ ആശുപത്രിയിലുള്ള മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്രമീകരിച്ചു. പുതിയ കെട്ടിടത്തിലെ പ്രവര്‍ത്തനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിലവില്‍ ജില്ലാ ടി.ബി സെന്ററിന്റെ കൂടെ പ്രവര്‍ത്തിച്ചു വന്നിരുന്ന ടി.ബി യൂണിറ്റ്, രോഗബാധിതര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകും വിധം നവീകരിക്കുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു. ഏറെ വൈകാതെ സ്വന്തം കെട്ടിടം എന്ന സ്വപ്നവും പൂര്‍ത്തിയാക്കും. നിലവില്‍ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ രോഗബാധിതര്‍ക്ക് വിലയേറിയ സി.ബി നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ തികച്ചും സൗജന്യമായി നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. കാസര്‍കോട് നഗരസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.കെ.കെ.രാജാറാം, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ അഫീല ബഷീര്‍, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. എ. മുരളീധര നല്ലൂരായ, കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, ഡോ.എസ് ആനന്ദ്, ഡബ്ല്യു എച്ച്.ഒ കണ്‍സള്‍ട്ടന്റ് ഡോ. ടി.എന്‍ അനൂപ് കുമാര്‍, ജില്ലാ മീഡിയ എഡ്യൂക്കേഷന്‍ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.