പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം ബേളൂര്‍

post

വേറിട്ട പ്രവര്‍ത്തനം കൊണ്ട് പുതിയ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് കോടോം ബേളൂര്‍ പഞ്ചായത്ത്. പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം ബേളൂരിനെ പ്രഖ്യാപിച്ചു. പാറക്കല്ലില്‍ നടന്ന ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

സ്ത്രീ ശരീരത്തിലെ പ്രധാന ജൈവപ്രക്രിയയായ ആര്‍ത്തവ സമയത്ത് ഉപയോഗിക്കേണ്ട ആര്‍ത്തവ കപ്പിനെ കുറിച്ചുള്ള അവബോധം കഴിഞ്ഞ നാല് മാസമായി പഞ്ചായത്തിലുടനീളം നല്‍കുന്ന തിരക്കിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും. പഞ്ചായത്തില്‍ ആര്‍ത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്. പുതു തലമുറയിലെ ഒട്ടുമിക്ക പേരും ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പിനെ കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരെയും ആദിവാസി വിഭാഗങ്ങളെയും ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. അംഗണ്‍ വാടികള്‍, സ്‌ക്കൂളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലും ക്ലാസുകള്‍ നടത്തി. പഞ്ചായത്തിലെ 103 ആദിവാസി കോളനികളിലും കുടുംബശ്രീ മുഖാന്തിരം ക്യാമ്പയിന്‍ നടത്തി. എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഫാത്തിമയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം ലഘുലേഖകള്‍ വിതരണം ചെയ്തും ക്ലാസുകള്‍ നടത്തിയും മാതൃകാ വീഡിയോ പ്രദര്‍ശിപ്പിച്ചും ജനങ്ങളെ ബോധവാന്മാരാക്കി.