തീരസദസ്സ്: കാസർകോട് ജില്ലയിൽ 51,57,450 ലക്ഷം രൂപയുടെ ധനസഹായം

post

തീരമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരത്തെ കേൾക്കാൻ ചേർത്ത് പിടിക്കാൻ തീരസദസ്സ് പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലയിൽ 51,57,450 രൂപ ധനസഹായം നൽകി.

തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മഞ്ചേശ്വരം എന്നീ 5 തീരദേശമണ്ഡലങ്ങളിലാണ് തീരസദസ്സ് നടന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അതത് മണ്ഡലങ്ങളിലെ എം.എൽ.എമാരും ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലയിലാകെ 1122 അപേക്ഷകളാണ് ലഭിച്ചത്.

ഭവന സംബന്ധമായ പരാതികൾ, ലൈഫ് മിഷൻ, വീടിന്റെ ഉടമസ്ഥാവകാശം, പുനർഗേഹം, കെ.എം.എഫ്ആർ ആക്ട് സംബന്ധമായ പരാതികൾ, വിവിധ ധനസഹായ പദ്ധതികൾ, റേഷൻകാർഡ്, പട്ടയം, ഇൻഷുറൻസ്,ഫിഷ് ലാന്റിംഗ് സെന്റർ, കടാശ്വാസം, മത്സ്യബന്ധന ഉപകരണങ്ങൾ, മണ്ണെണ്ണ പെർമിറ്റ്, വൈദ്യുതി, കുടിവെള്ള പ്രശ്നം, റോഡ് ടാറിംഗ് തുടങ്ങി ഒട്ടേറെ വിഷയങ്ങൾ തീരസദസിൽ മന്ത്രി സജി ചെറിയാന്റെ പരിഗണനയിലെത്തി.

ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരസദസിൽ തന്നെ നടപടി എടുക്കുകയും മറ്റ് അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരദേശ മേഖലകളിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി നടപടികൾ സ്വീകരിക്കാനും, സംസ്ഥാന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് 'തീരദേശത്തെ കേൾക്കാൻ, പിടിക്കാൻ' എന്ന മുദ്രവാക്യമുയർത്തിയാണ് തീര സദസ്സ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തീരസദസ്സ് സംഘടിപ്പിച്ചത്.

കാസർകോട് മണ്ഡലം- കാസർകോട് മണ്ഡലത്തിൽ 188 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 136 എണ്ണം തീർപ്പാക്കപ്പെട്ടു. തീർപ്പാക്കാൻ ബാക്കിയുള്ള അപേക്ഷകളുടെ എണ്ണം 52. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 27 പേർക്ക് 10000 രൂപ വിതം ആകെ 2,70,000 രൂപയും മരണാനന്തര ധനസഹായമായി 11 പേർക്ക് 1,65,000 രൂപയും ആശ്രിതരുടെ മരണത്തോടനുബന്ധിച്ചു ആനുകൂല്യമായി 2 പേർക്ക് 2000 രൂപയും സാഫ് മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 5,37,000 രൂപ വിതരണം ചെയ്തു.

ഭാവി പ്രവർത്തനങ്ങൾ: കസബ ഹാർബർ പ്രവർത്തികൾ പൂർത്തീകരിക്കുക, പുനർഗേഹം വഴി കൂടുതൽ തീരദേശ നിവാസികളെ താമസസ്ഥലങ്ങളിലേക്ക് മാറ്റുക, തദ്ദേശ സ്വയംഭരണ പദ്ധതികളിൽ പരമാവധി മത്സ്യതൊഴിലാളികൾക്കും മത്സ്യകർഷകർക്കും ഉപകാരപെടുന്ന വിധത്തിൽ പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുക, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കു ഇൻഷുറൻറപ്പാക്കുക, തീരദേശ ഹൈവേ നടപ്പിൽ വരുത്തുക, ഫിഷ് ലാൻഡിംഗ് സെന്റെർ നവീകരണം, നെറ്റ് മെൻഡിങ് ഹാൾ സ്ഥാപിക്കുക, ഫിഷെർമാൻ യൂട്ടിലിറ്റി സെന്റർ സ്ഥാപിക്കുക തുടങ്ങിയവയാണ് ഭാവി പ്രവർത്തനങ്ങൾ.

ഉദുമ മണ്ഡലം- ഉദുമയിൽ 167 അപേക്ഷകളായിരുന്നു ലഭിച്ചത്. 81 അപേക്ഷകൾ പരിഹരിച്ചു. 86 അപേക്ഷകൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 30 പേർക്ക് 10000 രൂപ വിതം ആകെ 3,00,000 രൂപയും മരണാനന്തര ധനസഹായമായി 5 പേർക്ക് 75000 രൂപയും സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 7,60,825 രൂപ വിതരണം ചെയ്തു.

ഭാവി പ്രവർത്തനങ്ങൾ: ഫിഷ് ലാൻഡിങ് സെന്റർ യാഥാർത്ഥ്യമാക്കും. ജീവൻ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ മണ്ഡലത്തിലും റെസ്ക്യൂ ഫോർസും സ്പീഡ് ബോട്ടുകളും അനുവദിക്കും. കേരളത്തിന് പുറത്ത് പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന കാര്യം പരിഗണിക്കും. പാലക്കുന്ന് മത്സ്യ ഭവന്റെ നവീകരണം നടപ്പിലാക്കും. പള്ളിക്കര മിഷൻ കോളനിയിൽ 50 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയം പണിയുക. കീഴൂർ തീരദേശ സ്കൂളിന് 1.24 കോടി രൂപ അനുവദിച്ചു. പണികൾ ഉടൻ ആരംഭിക്കും. കീഴൂരിൽ ആയുവേദ ആശുപത്രി രൂപീകരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ നൽകും. എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് എന്ന ലക്ഷ്യത്തിലേക്ക് ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ സഹകരിച്ച് പദ്ധതി തയ്യാറാക്കും.

തൃക്കരിപ്പൂർ മണ്ഡലം- തൃക്കരിപ്പൂരിൽ146 അപേക്ഷകളാണ് ലഭിച്ചത്. 96 അപേക്ഷകൾ തീർപ്പാക്കപ്പെട്ടു. 50 അപേക്ഷകൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 22 പേർക്ക് 10000 രൂപ വിതം ആകെ 220000 രൂപയും മരണാനന്തര ധനസഹായമായി 9 പേർക്ക് 15,000 രൂപ വീതം 135,000 രൂപയും, അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് യൂണിറ്റിന് ആദ്യവായി 373800 രൂപയും മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി രൂപയും ചേർത്ത് ആകെ 18,28,800 രൂപ വിതരണം ചെയ്തു.

ഭാവിപ്രവർത്തനങ്ങൾ: പരമ്പരാഗത യാനങ്ങൾക്കു ഇൻഷുറൻസ് ഉറപ്പാക്കുക, മത്സ്യത്തൊഴിലാളി കോളോണികളുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക,ജനകീയ മത്സ്യകൃഷി പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുക, കല്ലുമ്മക്കായ സംസ്കരണ വിപണന സംരംഭങ്ങൾ തുടങ്ങുന്നതിനായി പദ്ധതികൾ രൂപീകരിക്കുക, വിപണനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുക, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കിവരുന്ന വാർഷിക പദ്ധതികളിൽ നൂതന ആശയങ്ങൾ മുന്നോട്ടുവച്ചു മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കർഷക ഗുണഭോക്താക്കളുടെ ക്ഷേമം ഉറപ്പുവരുത്തുക, വർഷാവർഷം വൻ തുക മുടക്കിൽ അറ്റകുറ്റപണികൾ നടത്തി കടലിൽ ഇറങ്ങുന്ന പ്രദേശത്തെ ബോട്ടുകൾ കാലപ്പഴക്കം മാനദണ്ഡമായി പരിഗണിക്കുന്നതിന് പുറമെ സീ ഫിറ്റ്നസ് കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമഭേദഗതികൾ ആസൂത്രണം ചെയ്യണമെന്ന് നിർദേശം മുന്നോട്ടു വയ്ക്കുക. 

കാഞ്ഞങ്ങാട് മണ്ഡലം- കാഞ്ഞങ്ങാട് മണ്ഡലത്തിൽ 217 അപേക്ഷകളായിരുന്നു ലഭിച്ചത്. അതിൽ 97 അപേക്ഷകൾ പരിഹരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വിവാഹധനസഹായമായി 17 പേർക്ക് 10000 രൂപ വിതം ആകെ വഴി 170000 രൂപയും മരണാനന്തര ധനസഹായമായി 3 പേർക്ക് 15,00520 രൂപ വീതം 75,000 രൂപയും അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി മരണപ്പെട്ട മത്സ്യത്തൊഴിലാളിയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 16,00,825 രൂപ വിതരണം ചെയ്തു.

ഭാവി പ്രവർത്തനങ്ങൾ: പരമ്പരാഗത യാനങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കുക,മത്സ്യത്തൊഴിലാളി കോളനികളുടെ നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കുക, സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുക അതിദാരിദ്ര്യം തുടച്ചുനീക്കുക, ബോട്ടുകളുടെ കാലപഴക്കം മാനദണ്ഡമായി പരിഗണിക്കുന്നതിനുപുറമെ സീഫിറ്റ്നസ് കൂടി പരിഗണിച്ചുകൊണ്ടുള്ള ചെയ്യണമെന്ന് നിർദ്ദേശം മുന്നോട്ട് വയ്ക്കുക.

മഞ്ചേശ്വരം മണ്ഡലം- മഞ്ചേശ്വരത്ത് 414 അപേക്ഷകളാണ് ലഭിച്ചത്. 76 അപേക്ഷകൾ തീർപ്പാക്കപ്പെട്ടു.338 അപേക്ഷകൾ വിവിധ വകുപ്പുകളുടെ പരിഗണനയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചതും മഞ്ചേശ്വരം മണ്ഡലത്തിലാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 21 പേർക്ക് 10000 രൂപ വിതം ആകെ 270,000 രൂപയും മരണാനന്തര ധനസഹായമായി 4 പേർക്ക് 60000 രൂപയും സാഫ് മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 4,30,000 രൂപ വിതരണം ചെയ്തു.

ഭാവി പ്രവർത്തനങ്ങൾ: തീരദേശ ഹൈവേ നടപ്പിൽ വരുത്തുക, മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് ഉറപ്പാക്കുക, ഫിഷ് ലാന്റിംഗ് സെന്റർ നവീകരണം, സ്വയംഭരണ പദ്ധതികളിൽ പരമാവധി മത്സ്യത്തൊഴിലാളികൾക്ക് മത്സ്യകർഷകർക്കും ഉപകാരപ്പെടുന്ന വിധത്തിൽ പദ്ധതികൾ രൂപീകരിച്ച് നടപ്പിലാക്കുക, കോയിപ്പാടി മത്സ്യഗ്രാമത്തിൽ പുനർഗേഹം വഴി കൂടുതൽ തീരദേശ നിവാസികളെ സുരക്ഷിത താമസസ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായി 23.20 കോടിയുടെ ഫ്ളാറ്റ് നിർമ്മാണം.