കരുതലും കൈത്താങ്ങും: കോതമംഗലം താലൂക്ക് തല അദാലത്തിൽ178 പരാതികൾക്ക് പരിഹാരം

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് തല അദാലത്തിൽ ആകെ 236 അപേക്ഷകൾ പരിഗണിച്ചു. അതിൽ 178 അപേക്ഷകരെ മന്ത്രിമാരായ പി. രാജീവും പി. പ്രസാദും നേരിൽ കണ്ട് പരാതികൾ പരിഹരിച്ചു. പരാതിക്കാർ ഹാജരാകാത്തതിനാൽ 58 പരാതികൾ മാറ്റി വച്ചു. ആകെ 278 പുതിയ അപേക്ഷകൾ ലഭിച്ചു.


റെജീനക്ക് മണിക്കൂറുകൾക്കുള്ളിൽ മുൻഗണനാ റേഷൻ കാർഡ്

മുൻഗണന റേഷൻ കാർഡ് അനുവദിക്കണമെന്ന പരാതിയുമായി അദാലത്ത് വേദിയിലെത്തിയ തങ്കളം കാഞ്ഞിരംപ്പൊറ്റം റെജീന കുര്യാക്കോസിന്റെ പരാതിക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം. പരാതി പരിഗണിച്ച മന്ത്രി പി.രാജീവ് കോതമംഗലം നഗരസഭ ബി.പി.എൽ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിരിക്കുന്ന റെജീനയ്ക്ക് എത്രയും വേഗം കാർഡ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന് മണിക്കൂറുകൾക്കകം റേഷൻ കാർഡ് തയ്യാറാക്കി മന്ത്രി പി.രാജീവിന് കൈമാറി.

സ്വന്തമായി വീടില്ലാത്ത റെജീന ഭർത്താവും രണ്ടു കുട്ടികളോടുമൊപ്പം ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. റെജിനയുടെ ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനുമുള്ള തുക ഭർത്താവിന്റെ കൂലിപ്പണിയിലൂടെയാണ് കണ്ടെത്തുന്നത്. കാർഡ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടാത്തത് മൂലം കുട്ടികളുടെ പഠനത്തിനും മറ്റ് അനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് തല അദാലത്ത് വേദിയിൽ പരാതിയുമായി എത്തിയത്. പ്രയോറിറ്റി ഹസ് ഹോൾഡ്സ് മുൻഗണന വിഭാഗം (പിങ്ക് ) കാർഡാണ് റജീനക്ക് ലഭ്യമാക്കിയത്.


മന്ത്രി ഇടപെട്ടു; വെള്ളക്കരം ഒഴിവാക്കി

അനധികൃതമായി ഇടാക്കിക്കൊണ്ടിരിക്കുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് എം.ഡി. ശശി കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി അടച്ചുകൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കാൻ മന്ത്രി പി. രാജീവ്‌ നിർദേശിച്ചു.

പെരിയാർവാലി ജലസേചന പദ്ധതിയുടെ പേരിൽ തന്റെ കയ്യിൽ നിന്നും അനധികൃതമായി ഈടാക്കികൊണ്ടിരുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃക്കാരിയൂർ ഉഷസ്സ് വീട്ടിൽ എം.ഡി. ശശി കോതമംഗലം താലൂക്ക്തല അദാലത്ത് വേദിയിൽ എത്തിയത്. ഭൂനികുതിക്കൊപ്പമാണ് വെള്ളക്കരത്തിന്റെ തുക ഈടാക്കിയിരുന്നത്. സമീപ പ്രദേശത്തെ വീടുകളിൽ നിന്നൊന്നും ജലസേചന പദ്ധതിയുടെ ഭാഗമായി വെള്ളക്കരം പിരിച്ചിരുന്നില്ലെന്നും അഞ്ചു വർഷമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം ലഭിച്ചിരുന്നില്ലെന്നും എം.ഡി. ശശി പറഞ്ഞു.

കോതമംഗലം മാർത്തോമാ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന കോതമംഗലം താലൂക്കുതല അദാലത്തിൽ അഞ്ചു വർഷമായി വെള്ളക്കരം എന്നപേരിൽ പിരിച്ച തുക തിരികെ നൽകാനും തുടർന്നുള്ള വർഷങ്ങളിൽ വെള്ളക്കരം ഈടാക്കരുതെന്നും മന്ത്രി പി. രാജീവ്‌ നിർദേശിച്ചു.


വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്

വിധവയും മറ്റാരും സഹായത്തിനില്ലാത്തതുമായ വീട്ടമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ അതിദാരിദ്ര്യ റേഷൻ കാർഡ് നൽകി. രാമല്ലൂർ വടക്കൻ വീട്ടിൽ അന്നക്കുട്ടി വർഗീസിനാണ് കോതമംഗലം മാർത്തോമ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ ഒരു മണിക്കൂറിനുള്ളിൽ മന്ത്രി പി. രാജീവ്‌ റേഷൻ കാർഡ് നൽകിയത്. അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കണമെന്ന് മന്ത്രി പി. രാജീവ്‌ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മൂന്ന് വർഷത്തോളമായി അന്നകുട്ടി അതിദാരിദ്ര്യ റേഷൻ കാർഡ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ട്. പരാതിയിന്മേൽ പരിഹാരം ലഭ്യമാകാത്തതിനെ തുടർന്നാണ് അദാലത്ത് വേദിയിൽ എത്തിയത്. വീട്ടുജോലി ചെയ്തു കിട്ടുന്ന വരുമാനത്തിൽ കഴിയുന്ന അന്നക്കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക മാത്രമാണിപ്പോൾ ആശ്രയം. ജീവിത ശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അന്നക്കുട്ടിക്ക് വയോമിത്രം പദ്ധതിപ്രകാരം മരുന്നുകളും ലഭിക്കുന്നുണ്ട്. മുൻഗണനാ റേഷൻ കാർഡ് ലഭിച്ചതിനു സർക്കാരിന് നന്ദി അറിയിച്ചാണ് അന്നക്കുട്ടി വർഗീസ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്.


നാലുവർഷമായി മുടങ്ങിക്കിടന്ന പെൻഷൻ തുക കുടിശ്ശിക സഹിതം ഏലമ്മയ്ക്ക് ലഭിക്കും

2019 മുതൽ മുടങ്ങിയ പെൻഷൻ തുക കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന അപേക്ഷയുമായാണ് പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തൻപുരയിൽ വീട്ടിൽ ഏലമ്മ എസ്തപ്പാൻ കരുതലും കൈത്താങ്ങും അദാലത്തിലെത്തിയത്. 94 വയസുകാരിയായ ഏലമ്മയുടെ പരാതി മന്ത്രി പി.രാജീവ് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ചു. പെൻഷൻ കുടിശിക സഹിതം നൽകുന്നതിന് വേണ്ടതെല്ലാം ചെയ്യാമെന്ന് മന്ത്രി ഏലമ്മയ്ക്ക് വാക്കും നൽകിയാണ് കോതമംഗലം താലൂക്ക് തല വേദിയിൽനിന്ന് യാത്രയാക്കിയത്.

മസ്റ്ററിംഗ് നടത്താത്തത് മൂലവും പുതിയ വരുമാന സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്തതുമാണ് പെൻഷൻ തുക ലഭിക്കാതിരുന്നത് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ നടപടികൾ എത്രയും വേഗം പൂർത്തിയാക്കി കുടിശ്ശിക ഉൾപ്പെടെ ഏലമ്മയ്ക്ക് പെൻഷൻ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.


മന്ത്രി ഇടപെട്ടു: അനൈനയുടെ വീട്ടിൽ ഉടൻ വൈദ്യുതി എത്തും

കലങ്ങിയ കണ്ണുകളുമായി അദാലത്ത് വേദിയിലേക്ക് എത്തിയ അനൈന ആശ്വാസത്തോടെ വീട്ടിലേക്ക് മടങ്ങി. മുന്നറിയിപ്പില്ലാതെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന അനൈനയുടെ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ് ഉടൻതന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കുന്നത്തുനാട് താലൂക്കിലെ രായമംഗലം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ 243/A നമ്പർ വീട്ടിൽ താമസിക്കുന്ന അനൈന ബാബു, അമ്മ ഷോളി ബാബുവിനൊപ്പമാണ് കോതമംഗലം താലൂക്ക്തല അദാലത്തിൽ പരാതിയുമായി എത്തിയത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ അനൈനയുടെ പരാതി കേട്ടറിഞ്ഞ ഉദ്യോഗസ്ഥർ ടോക്കൺ നമ്പറിന് പോലും കാത്തുനിൽക്കാതെ വിദ്യാർത്ഥിയെ മന്ത്രിയുടെ അടുത്തേക്ക് കടത്തിവിടുകയായിരുന്നു.

അദാലത്തിൽ രജിസ്റ്റർ പോലും ചെയ്യാത്ത പരാതിയിൽ മന്ത്രി ഇടപെട്ടതോടെയാണ് അനൈനയുടെ വീട്ടിൽ തത്കാലിക വൈദ്യുതി കണക്ഷൻ ലഭ്യമാകുന്നത്. വാണിജ്യ ആവശ്യത്തിനായി അനുവദിച്ച വൈദ്യുതി കണക്ഷൻ ഗാർഹിക കണക്ഷനായി പുനസ്ഥാപിച്ചതിനെ തുടർന്നുള്ള സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പെരുമ്പാവൂർ സ്വദേശിയായ കെ.എം ബാബു ആണ് അനൈനയുടെ പിതാവ്.